രണ്ട് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ദേശീയപുരസ്കാരത്തിൽ അയ്യപ്പനും കോശിയിലെ ആലാപനത്തിന് നഞ്ചിയമ്മയെയായിരുന്നു മികച്ച ഗായികയായി തിരെഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമർശനവുമായി ഗായകൻ ലിനു ലാൽ രംഗത്തെത്തിയിരുന്നു. ഒരു മാസം സമയം കൊടുത്താൽ പോലും ഒരു സാധാരണം ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്നും ലിനുലാൽ ചോദിച്ചിരുന്നു. ഇപ്പോഴിതാ ലിനുവിന് മറുപടി നൽകിയിരിക്കുകയാണ് സംഗീത സംവിധായകനായ അൽഫോൺസ്.
ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു.അവരെ മികച്ച ഗായികയായി തെരെഞ്ഞെടുത്ത ജൂറിയെ ഞാൻ പിന്തുണയ്ക്കുന്നു. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ലെന്നും വർഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും എന്താണ് നൽകിയത് എന്നാണ് പ്രധാനമെന്നും ലിനുലാലിൻ്റെ വീഡിയോയ്ക്ക് കീഴെ കമൻ്റിട്ടായിരുന്നു അൽഫോൺസിൻ്റെ പ്രതികരണം.