അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും വലിയ വിജയമാവുകയും അതിനൊപ്പം തന്നെ ചര്‍ച്ചയാകുകയും ചെയ്ത മലയാളം സിനിമയാണ് എമ്പുരാന്‍. പല വിവാദങ്ങളിലും പെട്ട സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് ദീപക് ദേവായിരുന്നു. സിനിമ പുറത്തിറങ്ങി സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ട് പല വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. അന്ന് നേരിട്ട വിമര്‍ശനങ്ങളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ദീപക് ദേവ് ഇപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദീപക് ദേവ് ചില കാര്യങ്ങള്‍ പങ്കുവെച്ചത്.
എമ്പുരാന്‍ സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ വന്നിരുന്നു. ആ സമയത്ത് ഗോപി സുന്ദര്‍ എന്നെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. ഗോപി സുന്ദര്‍ എന്നെ വിളിച്ചല്ലെ പിന്തുണ പറയേണ്ടത്. എന്നാല്‍ ആ വിഷയത്തില്‍ അങ്ങനൊന്ന് ഇതുവരെയും ഉണ്ടായില്ല. ഗോപി സുന്ദര്‍ പങ്കിട്ട പോസ്റ്റിന് അദ്ദേഹം സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയിലെ സംഗീതമാണ് നല്‍കിയത്. പ്രശ്‌നത്തെ പറ്റി ഒരു കുറിപ്പും പങ്കുവെച്ചു.
ആ പോസ്റ്റിന് ശേഷം ഗോപി സുന്ദറായിരുന്നു എമ്പുരാനില്‍ സംഗീതം ചെയ്യേണ്ടതെന്ന തരത്തില്‍ പല കമന്റുകളും കണ്ടു. ഞാന്‍ അദ്ദേഹത്തിന്റെ സഹോദരനാണെന്നാണ് കമന്റുകള്‍ക്ക് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്.അതൊരു അസ്ഥാന പോസ്റ്റായിരുന്നു. ഗോപി സുന്ദറിന്റെ ആ പ്രവര്‍ത്തിക്കെതിരെ നടപടിയെടുക്കേണ്ടതാണെന്നാണ് യൂണിയന്‍ പറഞ്ഞത്. പ്രതികരിക്കേണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ആ സമയത്ത് ഗോപി സുന്ദര്‍ പല പ്രശ്‌നങ്ങളിലൂടെ പോവുകയാണ്. ശവത്തില്‍ കുത്തുന്നത് എന്തിനാണെന്ന് കരുതി മിണ്ടാതിരുന്നു. എന്ത് കിട്ടിയാലും വിറ്റ് കാശാക്കുന്ന സ്വഭാവമാണ് അയാള്‍ക്ക്. യൂണിയനില്‍ നിന്നും ഒരു മെമ്മോ അയച്ചാല്‍ പോലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കാശാക്കുമായിരുന്നു. ദീപക് ദേവ് പറഞ്ഞു.