Dulquer Salman: തനിക്ക് സ്വർണക്കടത്തും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു; ദുൽഖറിന്റെ ഹർജിയിൽ പറയുന്നത്
ഹർജിയിൽ മറ്റ് ചില കാര്യങ്ങൾ കൂടി ദുൽഖർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൊച്ചി: ഓപറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. നിയമനടപടികൾ എല്ലാം തന്നെ പൂർത്തിയാക്കി, കൃത്യമായ രേഖകൾ നൽകിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ മറ്റ് ചില കാര്യങ്ങൾ കൂടി ദുൽഖർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും തനിക്ക് വണ്ടി വിട്ടുകിട്ടണമെന്നും നടൻ കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റംസ് രേഖകൾ പരിശോധിച്ചില്ലെന്നും മുൻവിധിയോടെ പെരുമാറിയെന്നും ദുൽഖർ ആരോപിച്ചു. പരിശോധനയ്ക്ക് പിന്നാലെ, തനിക്ക് സ്വർണക്കടത്തും, ലഹരി മരുന്ന്, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇത് തനിക്ക് വ്യക്തിപരമായി കളങ്കമുണ്ടാക്കിയെന്നും ദുൽഖർ ഹർജിയിൽ പറയുന്നുണ്ട്.
കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കൊണ്ടുവന്നത് വിദേശത്ത് നിന്നാണെന്നും റെഡ് ക്രോസ് ഉപയോഗിച്ച വാഹനമാണിതെന്നും 2020ൽ വാഹനം വാങ്ങിയത് എല്ലാ രേഖകളും സഹിതമാണെന്നും രേഖകൾ പരിശോധിക്കാൻ കസ്റ്റംസ് തയ്യാറായില്ലെന്നും വ്യക്തമാക്കി.
ഹബീബ് മുഹമ്മദ് എന്ന വ്യക്തിയിൽ നിന്ന് എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വ്യക്തി എന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തതെന്നും ദുൽഖർ ചൂണ്ടിക്കാട്ടി. ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നു എന്ന രീതിയിൽ വ്യാപകമായ പബ്ലിസിറ്റി നൽകിയത് എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ദുൽഖർ ഹർജിയിൽ പറയുന്നുണ്ട്.
കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണമെന്ന പ്രധാന ആവശ്യമാണ് ദുൽഖർ ഉയർത്തുന്നത്. കസ്റ്റംസ് പിടിച്ചെടുത്ത വാഹനത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി മുൻ ഉടമകൾ അടച്ചിരുന്നു. പണമിടപാടുകൾ നടത്തിയത് ബാങ്ക് വഴിയാണെന്നും രേഖകൾ പരിശോധിക്കാൻ കസ്റ്റംസ് തയ്യാറായില്ലെന്നും ദുൽഖർ ചൂണ്ടിക്കാട്ടുന്നു. വാഹനം കസ്റ്റംസ് കസ്റ്റഡിയിൽ കിടന്ന് നശിക്കാൻ സാധ്യതയുണ്ടെന്ന സംശയവും ദുൽഖർ ഉന്നയിക്കുന്നുണ്ട്.