മലയാള സിനിമയില്‍ അടുത്തിടെ ഒരു നടന്‍ മൂലം സംവിധായകനുണ്ടായ ബുദ്ധിമുട്ട് വെളിപ്പെടുത്തി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പൊതുമധ്യത്തില്‍ ക്ലീന്‍ ഇമേജുള്ള മുന്‍നിര നടന്മാരുടെ സിനിമയ്ക്കുള്ളിലെ ഇടപെടലുകള്‍ പലതും മോശമാണെന്നാണ് ധ്യാന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ നദികളില്‍ സുന്ദരി യമുന എന്ന സിനിമയുടെ ഭാഗമായി താരം നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.
അടുത്തിടെ എന്റെ ഒരു സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിലെ നടന്‍ ആ ചിത്രത്തില്‍ വലിയ ഇടപെടലുകള്‍ നടത്തുമായിരുന്നു. സിനിമ നന്നാക്കാനാണ് ഇടപെടലുകള്‍ നടത്തുന്നതെങ്കിലും സംവിധായകനെ സംബന്ധിച്ചിടത്തോളം അത് പല മാനസികമായ ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ആ സിനിമ എഡിറ്റ് കഴിഞ്ഞ ശേഷം ആ നടന്‍ സംവിധായകനോട് പറഞ്ഞത് എന്റെ സിനിമാ കരിയറില്‍ ബോംബ് സമ്മാനിച്ചതിന് നന്ദി എന്നാണ്. പക്ഷേ ആ സിനിമ ഓടി.
സിനിമ ഹിറ്റായ ശേഷം ആ സംവിധായകനെ ആ നടന്‍ തന്നെ വിളിച്ചു. പടം ഹിറ്റായല്ലോ, വേറെ വല്ല സംവിധായകനും ആയിരുന്നെങ്കില്‍ പടം ചിലപ്പോള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായേനെ എന്നാണ് പറഞ്ഞത്. സിനിമ ഹിറ്റായതില്‍ സംവിധായകനെ അഭിനന്ദിക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് അയാള്‍ ചെയ്തത്. ഈ നടന്‍ ഇന്‍ഡസ്ട്രിയിലും പുറത്തും നല്ല ഇമേജാണുള്ളത്. പക്ഷേ അയാളുടെ ഇടപെടലുകള്‍ വളരെ മോശമാണ്. ഇത്തരത്തില്‍ പല കോമ്പ്‌ലെക്‌സുകളൂം ഉള്ള നടന്മാര്‍ ഇവിടെയുണ്ട്. ധ്യാന്‍ പറഞ്ഞു.