ദളപതി വിജയുടെ പുതിയ ചിത്രമായ ലിയോ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകര്‍. ലോകേഷ് കനകരാജ് ഒരുക്കുന്ന ഗാങ്ങ്സ്റ്റര്‍ ചിത്രമായ ലിയോയില്‍ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം തന്നെയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന രംഗങ്ങളും ഗാനവും എല്ലാം തന്നെ. ഇപ്പോഴിതാ ചിത്രത്തിലെ നാ റെഡി എന്ന പാട്ടില്‍ നിന്നും മദ്യപാനത്തെയും പുകവലിയേയും ആഘോഷിക്കുന്ന വരികള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്.
പാട്ട് രംഗത്തില്‍ മദ്യപാനത്തിന്റെയും പുകവലിയുടെയും ദൃശ്യങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യമുണ്ട്. റിലീസിനൊരുങ്ങുന്ന ലിയോയിലെ നാ റെഡി എന്ന ഗാനം 2 മാസം മുന്‍പാണ് പുറത്ത് വന്നത്. വിജയ് തന്നെ ഗാനം ആലപിച്ച ഗാനത്തിലെ ചില വരികള്‍ യുവാക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് കാണിച്ച് അണൈത്ത് മക്കള്‍ അരസിയല്‍ കക്ഷി പ്രസിഡന്റ് രാജേശ്വരി പ്രിയയാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയത്. ഗാനത്തിലെ അത്തരം വരികള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് കത്തയച്ചിരിക്കുന്നത്. ഇതേ പാട്ട് തന്നെ ഗുണ്ടായിസത്തെ പ്രത്സാഹിപ്പിക്കുന്നതാണെന്ന് കാണിച്ച് സെല്‍വം എന്നയാള്‍ നേരത്തെ പോലീസിന് പരാതി നല്‍കിയിരുന്നു.