മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്റെ മകന്‍ എന്നതിലുപരി നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും അതിലുപരി അഭിമുഖങ്ങളിലൂടെ സ്വന്തം വീട്ടിലെ ഒരംഗത്തിനെ പോലെ ധ്യാന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. ധ്യാന്‍ സംവിധായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തില്‍ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു ധ്യാനിന്റെ മറുപടി.
എല്ലാവരും മോഹന്‍ലാലിന്റെ ഛോട്ടാമുംബൈ ആഘോഷമാക്കുകയാണ്. പ്രത്യേകിച്ച് കഥയില്ലാതെ പല ഇവന്റുകളായുള്ള ഒരു ആഘോഷസിനിമയാണ് ഛോട്ടാമുംബൈ. ധ്യാന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയും അങ്ങനെയായിരുന്നു എന്ന് അവതാരകന്‍ സൂചിപ്പിച്ചപ്പോഴാണ് പുതിയ സിനിമാപദ്ധതിയെ പറ്റി ധ്യാന്‍ മനസ്സ് തുറന്നത്.
കുറെ മുന്നെ ആലോചിച്ച സിനിമയാണ്. ആര്‍ക്കാണ് ലാല്‍ സാറിനെ വെച്ചും മമ്മൂക്കയെ വെച്ചും സിനിമ ചെയ്യാന്‍ തത്പര്യമില്ലാത്തത്. എന്റെ ആഗ്രഹമെന്ന് പറഞ്ഞാല്‍ ഛോട്ടാമുംബൈ പോലെ മോഹന്‍ലാലിനെ ആഘോഷിക്കുന്ന സിനിമയാണ്. നമ്മള്‍ പുറത്ത് ഡാന്‍സ് കളിക്കുമ്പോള്‍ അദ്ദേഹവും ഡാന്‍സ് കളിക്കുന്നു. അങ്ങനൊരു സിനിമ കാണണമെന്ന് എനിക്കും വിശാഖിനുമെല്ലാം ആഗ്രഹമുണ്ട്. സുചിത്രാക്കയോടും പ്രണവിനോടും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത് നടക്കണം എന്നൊന്നും നിര്‍ബന്ധമില്ല. ഒരു ശ്രമം നടത്തും. പ്രത്യേകിച്ചും എന്റെ ടൈപ്പ് ഓഫ് ഒരു ലോകത്ത് അടി, പിടി, മസാല, ആക്ഷനുമെല്ലാമായി ഒരു മോഹന്‍ലാല്‍ ഷോ. ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.