1999 മെയ് മുതല്‍ ജൂലൈ 26 വരെ നീണ്ടുനിന്ന കാര്‍ഗില്‍ യുദ്ധം പലപ്പോഴും ഇന്ത്യന്‍ സിനിമയുടെയും ഭാഗമായിട്ടുണ്ട്. എല്‍ഒസി കാര്‍ഗില്‍ മുതല്‍ 2021ല്‍ പുറത്തിറങ്ങിയ ഷേര്‍ഷാ വരെയുള്ള ബോളിവുഡ് ചിത്രങ്ങളും നിരവധി പ്രാദേശിക ചിത്രങ്ങളും ഇന്ത്യയുടെ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥ സ്‌ക്രീനില്‍ പകര്‍ത്തി.
2003ല്‍ പുറത്തിറങ്ങിയ എല്‍ഒസി കാര്‍ഗില്‍ എന്ന നാലുമണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ചിത്രം കാര്‍ഗില്‍ സംഭവ പരമ്പരകളെ പറ്റി വിശദമായി പ്രതിപാദിക്കുന്ന ചിത്രമാണ്. സഞ്ജയ് ദത്ത്,അജയ് ദേവ്ഗണ്‍,സൈഫ് അലി ഖാന്‍,അഭിഷേക് ബച്ചന്‍,സുനില്‍ ഷെട്ടി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
2004ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പരം വീര്‍ ചക്ര നേടിയ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ലക്ഷ്യ പുറത്തിറങ്ങി. ഋതിക് റോഷന്‍ നയകനായ ചിത്രം ഒരുക്കിയത് ഫര്‍ഹാന്‍ അക്തറായിരുന്നു. വലിയ രീതിയില്‍ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ചിത്രം നേടി.
2003ല്‍ മരണാനന്തരം മഹാവീര ചക്രം നല്‍കി രാജ്യം ആദരിച്ച അനൂജ് നയ്യാരുടെ മാതാപിതാക്കളുടെ ജീവിതം ആസ്പദമാക്കി ധൂപ് എന്ന സിനിമ പുറത്തിറങ്ങി. 2020ല്‍ കശ്മീര്‍ ഗേള്‍ എന്നറിയപ്പെടുന്ന ഗുഞ്ജന്‍ സക്‌സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഗുഞ്ജന്‍ സക്‌സേന ദ കശ്മീരി ഗേള്‍ എന്ന ചിത്രം പുറത്തിറങ്ങി.യുദ്ധരംഗത്തെ ഇന്ത്യയുടെ ആദ്യ വനിതാ വ്യോമസേന പൈലറ്റായ ഗുഞ്ജന്‍ സക്‌സേനയെ സ്‌ക്രീനില്‍ അവതരിപ്പിച്ചത് ജാന്‍വി കപൂര്‍ ആയിരുന്നു.
വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ഷേര്‍ഷയാണ് അവസാനമായി കാര്‍ഗില്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ചിത്രം. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് വിക്രം ബത്രയായി അഭിനയിച്ചത്.