പൊങ്കല്‍ റിലീസായി രാംചരണ്‍- ശങ്കര്‍ ചിത്രമായ ഗെയിം ചെയ്ഞ്ചര്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയെങ്ങും റിലീസായത്. ഇന്ത്യന്‍ 2 വലിയ പരാജയം നേരിട്ടതിനാല്‍ തന്നെ ശങ്കറിന് ഏറെ പ്രധാനപ്പെട്ട സിനിമയാണ് ഗെയിം ചെയ്ഞ്ചര്‍. 400 കോടിക്ക് മുകളില്‍ തുക ചെലവാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ തന്നെ 45 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്യാന്‍ സിനിമയ്ക്കായിട്ടുണ്ടെങ്കിലും സംവിധായകനെന്ന നിലയില്‍ ശങ്കര്‍ ഔട്ട്‌ഡേറ്റഡായി മാറിയെന്നാണ് സിനിമ തെളിയിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു.
രാം ചരണിനെ ആഘോഷിക്കുന്ന സിനിമയെന്ന നിലയില്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ സിനിമ വിജയമാകുമെന്നാണ് കരുതുന്നത്. അതേസമയം കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തണുത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കാലമേറെ മാറിയിട്ടും പഴയ അതേ കാര്യങ്ങള്‍ സിനിമയിലൂടെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ശങ്കര്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത്തിരി മുതല്‍വനും ഇത്തിരി ശിവാജിയും ചേര്‍ന്നാല്‍ ഗെയും ചെയ്ഞ്ചറായെന്നും പുതിയ രീതിയിലോ പുതിയ കഥയോ പറയാന്‍ ശങ്കറിനില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
സിനിമയിലെ ഒരു ഗാനത്തിന് മാത്രമായി 75 കോടിയോളമാണ് ശങ്കര്‍ മുടക്കിയത്. പതിവ് രീതിയില്‍ നായകനൊപ്പം ഡാന്‍സ് കളിക്കാന്‍ ഒരു നായികയും ഒരു അടി അടിച്ചാല്‍ പറക്കുന്ന വില്ലന്‍മാരും സ്ഥിരം അഴിമതിക്കെതിരെ പോരാടുന്ന നായകന്മാരുമല്ലാതെ ഒന്നും തന്നെ ശങ്കറിന് പറയാനില്ല. മസാല ഏറെ പഴകിയെന്നും പണ്ടത്തെ ശങ്കരന്‍ തെങ്ങില്‍ തന്നെ എന്നത് സംവിധായകന്‍ ശങ്കര്‍ തെളിയിച്ചെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.