Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

'ഹൃദയം തകർന്നു, രേവതിയുടെ കുടുംബത്തെ കാണും'; 25 ലക്ഷം ധനസഹായം നൽകുമെന്ന് അല്ലു അർജുൻ

Revathy Family

നിഹാരിക കെ എസ്

, ശനി, 7 ഡിസം‌ബര്‍ 2024 (09:22 IST)
പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്ന​ഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ മൂത്തമകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചു.
 
എക്സിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അല്ലു അർജുൻ വിഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.
 
'സന്ധ്യ തിയറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. വേദനയോടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നൽകുന്നു. അവർക്ക് വേണ്ട ഏത് സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും.'- അല്ലു അർജുൻ പറഞ്ഞു. 
 
സന്ധ്യ തിയറ്ററിൽ രാത്രി 11 മണിക്കാണ് പ്രീമിയർ ഷോ ഒരുക്കിയത്. തിയറ്ററിന് മുന്നിൽ മണിക്കൂറുകൾക്ക് മുൻപ് തന്നെ നൂറു കണക്കിന് ആരാധകർ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അർജുൻ കുടുംബ സമേതം സിനിമ കാണാൻ എത്തി. അല്ലുവിനൊപ്പം ഭാര്യ സ്നേഹയും നടി രശ്‌മിക മന്ദാനയും ഉണ്ടായിരുന്നു. താരത്തെ കണ്ടതോടെ ആരാധകർ തിയറ്ററിലേക്ക് ഇടിച്ചു കയറി.

നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടയിൽ നിന്നും മകൻ ശ്രീതേജിനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് രേവതി വീണത്. ആളുകൾ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേർ വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അല്ലു അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലയില്‍ അമ്പതിലധികം സ്റ്റിച്ചുകള്‍, ബ്രെയ്ന്‍ ട്യൂമറിനോട് പൊരുതി മരണത്തെ മുഖാമുഖം കണ്ട നടൻ; ആന്‍സന്‍ പോളിന്റെ ജീവിതകഥ