സമയം കഴിഞ്ഞു; രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
2024ലാണ് നടി പരാതി നൽകുന്നത്.
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയിൽ പെരുമാറിയെന്നു കാട്ടി എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ജസ്റ്റിസ് സി പ്രതീപ് കുമാറിന്റേതാണ് ഉത്തരവ്.
2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിനു മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളോടു അനുബന്ധിച്ചു 2024ലാണ് നടി പരാതി നൽകുന്നത്.
15 വർഷം മുൻപ് സിനിമാ ചർച്ചയ്ക്കായി നടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഐപിസി 354, 509 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഐപിസി പ്രകാരമുള്ള കുറ്റങ്ങളിൽ 3 വർഷം വരെയാണ് മജിസ്ട്രേറ്റ് കോടതിക്കു കേസെടുക്കാവുന്നത്.
ഈ സംഭവത്തിൽ 15 വർഷത്തിനു ശേഷമാണ് കോടതി കേസെടുത്തത് എന്നതിനാൽ അതു നിയമപരമായി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. ഐപിസി 354 അനുസരിച്ചുള്ള കുറ്റത്തിന് ഒന്ന് മുതൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷയാക്കിയതും ജാമ്യമില്ലാ കുറ്റമാക്കിയതും 2013ലാണ്.