മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തിയേറ്റർ എക്പീരിയൻസ് ഒരുക്കിയിരിക്കുകയാണ് ഡൊമനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദർശൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നസ്ലെനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ്. പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെല്ലാം ഹൗസ്ഫുള്ളായി ഓടുകയാണ് ലോക.
എന്നാല്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ലോകയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി ചിലരെത്തുകയാണ്. ട്വിറ്ററിലാണ് ചിത്രത്തിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. ലോകയില്‍ ഹിന്ദുവിരുദ്ധതയുണ്ടെന്നും മലയാളം സിനിമ ഇന്‍ഡസ്ട്രിയ്ക്ക് ഹിന്ദു ഫോബിയ ആണെന്നുമാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്. റിവഞ്ച് മോഡ് എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് പറയുന്നത് ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമയുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ്.
'മോളിവുഡിന് ഹിന്ദുഫോബിയ ഇല്ലാതെ മര്യാദയ്‌ക്കൊരു സിനിമയുണ്ടാക്കാന്‍ അറിയില്ല. ഹിന്ദു രാജാവ് ഹിന്ദു അമ്പലത്തിന് തീയിടുന്നു, ക്രിസ്ത്യന്‍ മിഷണറിമാര്‍ രക്ഷകരാകുന്നു, വിനായക വിഗ്രഹം കണ്ടപ്പോള്‍ നടിയൊരു അറപ്പു തോന്നുന്ന മുഖഭാവം കാണിച്ചു, ഹിന്ദു ദൈവങ്ങളുടെ മുന്നില്‍ വച്ച് അമ്മയെ കൊല്ലുന്ന ഹിന്ദുവാണ് വില്ലന്‍' എന്നായിരുന്നു പോസ്റ്റ്.
ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈരലായി മാറുകയാണ്. സിനിമയുടെ സംവിധായകന്‍ ക്രിസ്ത്യാനി ആണെന്നും നിര്‍മാതാവ് മുസ്ലീമാണെന്നും ഇയാള്‍ കണ്ടെത്തിയിട്ടുണ്ട്.
'എനിക്ക് തോന്നുന്നത് ക്രിയേറ്റീവ് ഫ്രീഡം ഉണ്ടെന്ന് കരുതി ഹിന്ദു മതത്തിനെതിരെ എന്ത് വൃത്തികേടും കാണിക്കാമെന്നാണ് അവര്‍ കരുതിയിരിക്കുന്നത്. ഹിന്ദുക്കളെല്ലാം ഇത് നിസാരമായി എടുക്കുന്നതു കൊണ്ടാണ് അവരിത് ചെയ്യുന്നത്. ഇസ്ലാമിനെതിരെയായിരുന്നുവെങ്കില്‍ അവര്‍ വെറുതെയിരിക്കില്ലായിരുന്നു', എന്നാണ് മറ്റൊരു പോസ്റ്റ്.