'ഞാനും മോഹൻലാലും ഒന്നിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ആ നടനെ': സത്യൻ അന്തിക്കാട്
താനും മോഹൻലാലും ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ശ്രീനിവാസനെയാണെന്ന് പറഞ്ഞിരിക്കുകയാണ് സത്യൻ അന്തിക്കാട്.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഹൃദയപൂർവ്വം. റിപീറ്റ് വാല്യ ഉളള നിരവധി ചിത്രങ്ങൾ ഈ കോമ്പിനേഷനിൽ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പുതിയ ചിത്രമാണിത്.
മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം താനും മോഹൻലാലും ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ശ്രീനിവാസനെയാണെന്ന് പറഞ്ഞിരിക്കുകയാണ് സത്യൻ അന്തിക്കാട്.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യൻ അന്തിക്കാട് മനസുതുറന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുത്ത ശ്രീനിവാസൻ അടുത്തിടെ ഹൃദയപൂർവ്വം സെറ്റ് സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. സത്യൻ അന്തിക്കാടിന് വേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയ വ്യക്തി കൂടിയാണ് ശ്രീനിവാസൻ.
'ഞാനും മോഹൻലാലും ഒന്നിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ശ്രീനിവാസനെ തന്നെയാണ്. ടി.പി.ബാലഗോപാലൻ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ടുകെട്ട്, സിനിമയിൽ എന്റെ പാത ഏതാണെന്ന് മനസിലാക്കിത്തന്ന ആളാണ് ശ്രീനിവാസൻ. നാടോടിക്കാറ്റും സന്ദേശവും വരവേൽപ്പുമൊക്കെ ഇന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമകളാണ്. ശ്രീനിയുടെ പല സംഭാഷണങ്ങളും പഴഞ്ചൊല്ലുപോലെ മലയാളി പറയാറുണ്ട്.
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് ഇതൊക്കെ മലയാളിയുടെ മനസിൽ പതിഞ്ഞുപോയ സംഭാഷണങ്ങളാണ്. ശ്രീനിവാസൻ എന്ന സുഹൃത്തില്ലായിരുന്നെങ്കിൽ, എഴുത്തുകാരനില്ലായിരുന്നെങ്കിൽ ഇത്രയേറെ നല്ല സിനിമകൾ എനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നു, ശ്രീനിയുടെ കയ്യിൽ നിന്നും ലഭിച്ച പാഠങ്ങൾ സ്വന്തമായി തിരക്കഥയെഴുതിയപ്പോൾ സഹായകമായിട്ടുണ്ട്”, സത്യൻ അന്തിക്കാട് പറഞ്ഞു.