Prakash Raj: വേടന് വേണ്ടി വാദിച്ചത് പ്രകാശ് രാജ്? പീഡകനോട് അക്കാദമിക്ക് ബഹുമാനമെന്ന് ഇന്ദുമേനോൻ
വേടന് അവാർഡ് നൽകാൻ വാദിച്ചത് ജൂറി ചെയർമാൻ കൂടിയായ പ്രകാശ് രാജ് ആണെന്നാണ് സൂചന.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇത്തവണ ലഭിച്ചത് റാപ്പർ വേടന് ആണ്. ഈ പുരസ്‌കാര പ്രഖ്യാപനം പല വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. എന്തുകൊണ്ട് വേടന് അവാർഡ് നൽകിയെന്ന് പ്രകാശ് രാജ് വിശദീകരിച്ചിരുന്നു. ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേതെന്നായിരുന്നു പ്രകാശ് രാജ് പുകഴ്ത്തിയത്. വേടന് അവാർഡ് നൽകാൻ വാദിച്ചത് ജൂറി ചെയർമാൻ കൂടിയായ പ്രകാശ് രാജ് ആണെന്നാണ് സൂചന.
ഇപ്പോഴിതാ വേടൻറെ അവാർഡിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി ഇന്ദുമേനോൻ. രംഗത്ത്. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണെന്ന് ഇന്ദുമേനോൻ പരിഹസിക്കുന്നു.
'അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക, വിവിധ വേദികൾ കൊടുക്കുക, ജഡ്ജിമാരായി / ജൂറി കമ്മിറ്റി അംഗങ്ങളായി നിയമിക്കുക, വെറൈറ്റിക്ക് ഒരു അവാർഡും കൊടുക്കുക, അക്കാദമികളുടെ സംസ്കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യ', എന്നാണ് ഇന്ദുമേനോൻ കുറിച്ചിരിക്കുന്നത്.
അതേസമയം, ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും റാപ്പർ വേടന് (ഹിരൺദാസ് മുരളി) ഹൈക്കോടതി ഇളവ് നൽകി. വിദേശത്ത് പരിപാടി അവതരിപ്പിക്കാമെന്നാണ് പുതിയ വ്യവസ്ഥ. മുൻകൂർ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.