Mammootty: ഇത് മമ്മൂട്ടിയുഗം; വീട്ടിലുണ്ട് 10 സംസ്ഥാന പുരസ്‌കാരങ്ങള്‍
1981 ല്‍ അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള പുരസ്‌കാരം മമ്മൂട്ടി കരസ്ഥമാക്കി
Mammootty: സംസ്ഥാന പുരസ്‌കാരങ്ങളില്‍ രണ്ടക്കം കണ്ട് മമ്മൂട്ടി. മികച്ച നടനുള്ള ഏഴ് പുരസ്‌കാരങ്ങള്‍ അടക്കം മമ്മൂട്ടിയുടെ വീട്ടിലുള്ളത് പത്ത് സംസ്ഥാന പുരസ്‌കാരങ്ങള്‍.
1981 ല്‍ അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള പുരസ്‌കാരം മമ്മൂട്ടി കരസ്ഥമാക്കി. ഇതാണ് താരത്തിന്റെ ആദ്യ സംസ്ഥാന അവാര്‍ഡ്. മികച്ച നടനുള്ള പുരസ്‌കാരം ആദ്യമായി ലഭിക്കുന്നത് 1984 ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിലൂടെ.
1989 ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം, 1993 ല്‍ വിധേയന്‍, പൊന്തന്‍മാട, വാത്സല്യം, 2004ല്‍ കാഴ്ച, 2009 ല്‍ പാലേരിമാണിക്യം, 2022 ല്‍ നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 1985 ല്‍ യാത്ര, നിറക്കൂട്ട് എന്നീ സിനിമകളിലെ അഭിനയത്തിനു സ്പെഷ്യല്‍ ജൂറി പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. 2023 ല്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് 'കാതല്‍' ആണ്. ഈ സിനിമയുടെ നിര്‍മാതാവ് മമ്മൂട്ടിയും. ആ വകയിലും മമ്മൂട്ടിക്ക് ലഭിച്ചു ഒരു സംസ്ഥാന പുരസ്‌കാരം. ഇപ്പോള്‍ 2024 ല്‍ ഭ്രമയുഗത്തിലൂടെ വീണ്ടും മികച്ച നടനായിരിക്കുന്നു.
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തില്‍ ആറ് എണ്ണവുമായി മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തുണ്ട്. മികച്ച നടനുള്ള പുരസ്‌കാരം നാല് തവണ നേടിയ മുരളിയും ഭരത് ഗോപിയും തൊട്ടുപിന്നില്‍. നെടുമുടി വേണു മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുര്‌സ്‌കാരം നേടിയിട്ടുണ്ട്.