Select Your Language

Notifications

webdunia
webdunia
webdunia
webdunia

പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി, മോഹൻലാലിനൊപ്പം ഇനി സിനിമയില്ല: സിബി മലയിൽ പറഞ്ഞത്

മോഹൻലാൽ, മമ്മൂട്ടി എന്നി നടന്മാരുടെ കരിയറിൽ സിബി മലയിൽ വഹിച്ച പങ്ക് വളരെ വലുതാണ്

Sibi Malayil

നിഹാരിക കെ.എസ്

, ചൊവ്വ, 22 ജൂലൈ 2025 (14:02 IST)
മലയാള സിനിമയ്ക്ക് ഏറെ ക്ലാസിക് സിനിമ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മോഹൻലാൽ, മമ്മൂട്ടി എന്നി നടന്മാരുടെ കരിയറിൽ സിബി മലയിൽ വഹിച്ച പങ്ക് വളരെ വലുതാണ്. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ലോഹിതദാസും ഒന്നിച്ചപ്പോൾ, മലയാള സിനിമയ്ക്ക് ഒട്ടനവധി ക്ലാസിക് ചിത്രങ്ങളാണ് ലഭിച്ചത്. അതിൽ പലതിലും മോഹൻലാൽ ആയിരുന്നു നായകൻ.  
 
ഒരുകാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച മിക്ക മോഹൻലാൽ ചിത്രത്തിന്റെയും സംവിധായകൻ സിബി മലയിൽ ആയിരുന്നു. 2007ൽ പുറത്തിറങ്ങിയ ഫ്ലാഷ് എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 18 വർഷമായി ഇവർ തമ്മിൽ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട്. രണ്ടു വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ അതിനുള്ള കാരണം വെളിപ്പെടുത്തിയിരുന്നു. 
 
മോഹൻലാൽ ഇന്ന് തനിക്ക് എത്തി പിടിക്കാവുന്നതിലും ഉയരത്തിലാണ്, എന്നാണ് സംവിധായകൻ പറഞ്ഞത്. മുൻപൊരിക്കൽ, ദശരഥം എന്ന ഇരുവരും ഒന്നിച്ച ക്ലാസിക് ചിത്രം ദശരഥത്തിന്റെ രണ്ടാം ഭാഗത്തിനായി സിബി മലയിൽ മോഹൻലാലിനെ സമീപിച്ചിരുന്നു. അന്ന് സൂപ്പർതാരം അതിനോട് താത്പര്യം കാണിക്കുകയോ, ആ കഥയൊന്ന് നേരെ കേൾക്കാനുള്ള മനസ്സ് കാണിക്കുകയോ പോലും ചെയ്തില്ലെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. 
 
കഥ പറയാൻ തന്നെ ഒരുപാട് കഷ്ടപ്പെട്ടുവെന്നും, പിന്നീട് ഹൈദരാബാദിൽ മോഹൻലാലിനെ കാണാൻ നേരിട്ട് ചെന്നപ്പോൾ, സംസാരിക്കാൻ അര മണിക്കൂറാണ് അനുവദിച്ചതെന്നും, സിബി മലയിൽ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ആ പ്രൊജക്റ്റ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
 
"അദ്ദേഹത്തതിന്റെ കാഴ്ചപ്പാടുകളിൽ ഒക്കെ വന്ന മാറ്റങ്ങളായിരിക്കാം, ഇനി ദശരഥം 2 സംഭവിക്കില്ല. 2016ൽ ഹൈദരാബാദിൽ പോയിട്ടാണ് അദ്ദേഹത്തോട് ഞാൻ കഥ പറഞ്ഞത്. എനിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെടുന്നു എന്നതിന്റെ സങ്കടം കൂടിയുണ്ട്. ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു, ഇവർക്ക് അരികിലേക്ക് എത്താൻ. അതിൽ എനിക്ക് താല്പര്യമില്ല.
 
ഹൈദരാബാദിൽ പോയത് തന്നെ ഒരു കടമ്പ കടക്കൽ ആയിരുന്നു, അര മണിക്കൂറാണ് എനിക്കവിടെ കിട്ടിയത്. കഥ പറഞ്ഞു, അദ്ദേഹം ഒരു മറുപടിയും പറഞ്ഞില്ല. അപ്പോൾ ഞാൻ പറഞ്ഞു എഴുതിയിട്ട് വായിച്ചാൽ മതിയെന്ന്. അങ്ങനെ ആറു മാസമെടുത്ത് ആ തിരക്കഥ പൂർത്തിയാക്കി," സിബി മലയിൽ വെളിപ്പെടുത്തി.
 
"പക്ഷെ ആ തിരക്കഥ വായിച്ചു കേൾപ്പിക്കാനുള്ള അവസരം എനിക്ക് നിഷേധിക്കപ്പെട്ടു. പലരും - ഈ കഥ കെട്ടവരും, ഇത് നിർമ്മിക്കാൻ ആഗ്രഹിച്ചവരും ഒക്കെ - പല ഘട്ടങ്ങളിൽ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. അപ്പോഴൊക്കെ മോഹൻലാൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. ഇനി അങ്ങനെ ഒരു സമ്മർദ്ദം എടുക്കാനുള്ള കാലവും, പ്രായവും ഒക്കെ കഴിഞ്ഞു എനിക്ക്. 
 
എനിക്ക് നേരിട്ട് ചെല്ലാൻ പറ്റാത്ത ഒരിടത്തേക്ക് ഞാൻ കടന്ന് പോകാറില്ല. അങ്ങനെയൊക്കെ ചെയ്യേണ്ടവർ അല്ലല്ലോ, എന്നെ പോലെയുള്ള ആൾക്കാർ ഒക്കെ. മറ്റുള്ളവരാണോ ഞങ്ങളുടെ ബന്ധത്തിലും, ഞാൻ ചെയ്യേണ്ട സിനിമയുടെ കാര്യത്തിലും തീരുമാനം എടുക്കേണ്ടത്? എനിക്കറിയില്ല," സിബി മലയിൽ കൂട്ടി ചേർത്തു. ഇനിയൊരു സിനിമയ്ക്കായി മോഹൻലാലിനെ ഒരിക്കലും സമീപിക്കില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Anusree and Unni Mukundhan: 'ഒരുപാട് ആളുകളുടെ ക്രഷ് ആണ് ഉണ്ണി, കേട്ട് മടുത്തു': ഉണ്ണി മുകുന്ദനെ കുറിച്ച് അനുശ്രീ