Thug Life OTT Release: 'കുറ്റം പറയാൻ പോലും ആരും കാണുന്നില്ലല്ലോ': ഒ.ടി.ടിയിൽ വന്നിട്ടും കാഴ്ചക്കാരില്ലാതെ തഗ് ലൈഫ്
പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്.
കമൽഹാസനും മണിരത്‌നവും 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച 'തഗ് ലൈഫ്' ഒ.ടി.ടി റിലീസിന് ശേഷവും വലിയ ആളനക്കമൊന്നുമില്ലാതെ നിരാശപ്പെടുത്തു. ഏറെ പ്രതീക്ഷകളോടെയാണ് സിനിമ തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്.
ബോക്സ് ഓഫീസിലെ പരാജയം മൂലം ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപ് റിലീസ് ചെയ്ത സിനിമയ്ക്ക് അവിടെയും രക്ഷയില്ല. സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വര്‍ഷമാണ്. ഗ്യാങ്‌സ്റ്റര്‍ സിനിമകളില്‍ കാലങ്ങളായി കണ്ടുവരുന്ന ക്ലീഷേകള്‍ കുത്തി നിറച്ച തഗ് ലൈഫിന്‍റെ തിരക്കഥ ഏറെ പഴഞ്ചനാണെന്നാണ് ആരാധകരുടെ പ്രതികരണം.
മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ പട്ടികയില്‍ തഗ് ലൈഫ് മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്ന് ഒടിടി റിലീസിന് ശേഷം പലരും കുറിച്ചു. തിയേറ്ററില്‍ ഫ്‌ളോപ്പായ സിനിമകളെ ഒടിടിയില്‍ ഹിറ്റാക്കാന്‍ പലപ്പോഴും ഒരുകൂട്ടം ആളുകള്‍ ഉണ്ടാകുമെന്നും അവര്‍ക്ക് പോലും തഗ് ലൈഫിനെ ആവശ്യമില്ലെന്നും ചിലരെഴുതി. കുറ്റം പറയാന്‍ പോലും ആരും ചിത്രം കാണുന്നില്ലെന്നാണ് മറ്റു ചിലരുടെ പ്രതികരണം.
അതേസമയം, ചിത്രം മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാന്‍ ചിത്രത്തിനായിരുന്നില്ല. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.