Vijay TVK: മദ്രാസ് ഹൈക്കോടതിയും കൈവിട്ടു; വിജയ്‌യുടെ രാഷ്ട്രീയ ഭാവി തുലാസിലോ?
ടി.വി.കെയുടെ ആവശ്യം കോടതി തള്ളി
ചെന്നൈ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെ നടൻ വിജയ്‌യുടെ രാഷ്ട്രീയ ഭാവി തുലാസിലായിരിക്കുകയാണ്. നിലവിൽ കേസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ടി.വി.കെയുടെ ആവശ്യം കോടതി തള്ളിയത്.
യോഗങ്ങൾ നടത്തുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതാതു രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണ്. ദേശീയ – സംസ്ഥാന പാതകളുടെ സമീപത്ത് ഒരു പാർട്ടിക്കും യോഗങ്ങൾ നടത്താൻ അനുമതി നൽകരുതെന്നും കോടതി പറഞ്ഞു. പൊതുയോഗങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ രൂപീകരിക്കുന്നത് വരെ ഒരു യോഗത്തിനും ഇനി അനുമതി നൽകില്ലെന്നും തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, അതിവേഗം വളർന്ന ടി.വി.കെ എന്ന പാർട്ടിക്ക് മങ്ങലേറ്റ സംഭവമാണ് കരൂർ ദുരന്തം. അടുത്തിടെ വിജയ് നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും ടിവികെയെ ജനപ്രിയമാക്കി. എന്നാൽ കരൂർ സംഭവം എല്ലാം മാറ്റിമറിച്ചു. വിജയ്ക്ക് നേരെ പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നു. 41 പേരുടെ ജീവനുകൾ പൊലിയാൻ കാരണം വിജയ് ആണെന്ന അശ്രുതി പരന്നു.
ദുരന്തം താത്കാലികമായെങ്കിലും രാഷ്ട്രീയ ചുവടുവെപ്പിന് ഒരു കട്ട് പറയാനാണ് സാധ്യത. സിനിമ പോലെത്തന്നെ ജനങ്ങൾ ഏറ്റെടുത്താൽ മാത്രമേ രാഷ്ട്രീയത്തിലും ശോഭിക്കാനാകൂ എന്ന തിരിച്ചറിവ് കരൂർ ദുരന്തം വിജയ്ക്ക് നൽകിയതായാണ് റിപ്പോർട്ട്. കേന്ദ്രത്തെയും സംസ്ഥാന സർക്കാരിനെയും മുഷിപ്പിച്ചു നിർത്തിയിരിക്കുന്നതിനാൽ ഈ ഒരു അവസ്ഥയിൽ ഇരു മുന്നണിയും വിജയ്ക്ക് അനുകൂല നിലപാട് എവിടെയും എടുക്കാൻ സാധ്യതയില്ല.
2026 നിയമസഭാ തിരഞ്ഞെടുപ്പാണ് വിജയ്യുടെ ആത്യന്തിക ലക്ഷ്യം. ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതുപോലും അതിനാലാണ്. രാഷ്ട്രീയത്തിലും വിജയ് താരമാകുമ്പോൾ രണ്ടുതരം ആൾക്കൂട്ടമാണ് വിജയ്ക്ക് മുൻപിലെത്തുന്നത്. അതുകൊണ്ട് തന്നെ ഈ യാത്ര വിജയ്ക്ക് അത്ര ഈസിയായിരിക്കില്ല. ആൾക്കൂട്ടം വോട്ടായി മാറുമെന്ന മോഹമൊന്നും വേണ്ട.