Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും 'ജാനകി' പറ്റില്ല, 'വി.ജാനകി' ആണെങ്കില്‍ സമ്മതിക്കാം; സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍

സിനിമയിലെ ഒരു പ്രധാന സീനില്‍ ജാനകി എന്ന പേര് ഉപയോഗിക്കുന്നുണ്ട്

B Unnikrishnan Janaki vs State of Kerala,Janaki vs State of Kerala controversy,B Unnikrishnan on character name issue,Malayalam movie naming controversy,ജാനകി വിവാദത്തിൽ ബി ഉണ്ണികൃഷ്ണൻ,ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ,സുരേഷ് ഗോപി സിനിമ

രേണുക വേണു

Kochi , ബുധന്‍, 9 ജൂലൈ 2025 (11:36 IST)
സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' (ജെ.എസ്.കെ) കേസ് വീണ്ടും ഹൈക്കോടതിയില്‍. സിനിമയുടെ പേരില്‍ മാറ്റം വരുത്താമെങ്കില്‍ അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. 
 
സിനിമയുടെ പേരിനൊപ്പമുള്ള 'ജാനകി'ക്കു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യല്‍ കൂടി ചേര്‍ത്ത് സിനിമയുടെ പേര് 'വി.ജാനകി' എന്നോ 'ജാനകി വി.' എന്നോ ആക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അഭിപ്രായം അറിയിക്കാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് സിനിമയുടെ നിര്‍മാതാക്കളോട് നിര്‍ദേശിച്ചു.
 
സിനിമയിലെ ഒരു പ്രധാന സീനില്‍ ജാനകി എന്ന പേര് ഉപയോഗിക്കുന്നുണ്ട്. കോടതി രംഗങ്ങളിലൊന്നിലാണ് കഥാപാത്രത്തിന്റെ പേര് 'ജാനകി' എന്നു പറയുന്നത്. ഈ ഭാഗം മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. 
 
നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തില്‍ നിര്‍ദേശിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ നിര്‍ദേശിച്ച രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ അനുമതി നല്‍കാമെന്നും സെന്‍സര്‍ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി. 
 
കേസ് പരിഗണിക്കുന്ന ജസ്റ്റിസ് നഗരേഷ് കഴിഞ്ഞ ശനിയാഴ്ച 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമ കണ്ടിരുന്നു. ജഡ്ജിയുടെ ആവശ്യപ്രകാരം സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്താന്‍ നിര്‍മാതാക്കള്‍ തയ്യാറാകുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സിനിമ കണ്ടതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ജഡ്ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Anushka Sharma: 'അസിന് അവാർഡ് കൊടുത്തപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു': അനുഷ്കയുടെ തുറന്നു പറച്ചിലിന് പിന്നിൽ