Janhvi Kapoor: 'എല്ലാ ദിവസവും ഭാരത് മാതാ കി ജയ് വിളിക്കും'; ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ
ജാൻവി, അടുത്തിടെ മുംബൈയിൽ നടന്ന കൃഷ്ണാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുത്തത് വാർത്തയായിരുന്നു.
ബോളിവുഡിൽ യുവതാരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ജാൻവി കപൂർ. ശ്രീദേവിയുടെ മകൾ എന്ന ലേബലിൽ ആയിരുന്നു സിനിമയിലേക്കെത്തിയതെങ്കിലും ഇന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ജാൻവിക്ക് സാധിച്ചിട്ടുണ്ട്. ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ജാൻവി, അടുത്തിടെ മുംബൈയിൽ നടന്ന കൃഷ്ണാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുത്തത് വാർത്തയായിരുന്നു.
എന്നാൽ, അവിടെ നടന്ന ഒരു സംഭവം നടിയ്ക്കെതിരെ ട്രോളുകള്‍ ഉയരാന്‍ ഇടയാക്കിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ജനക്കൂട്ടത്തോടൊപ്പം ചേർന്ന് ജാൻവി "ഭാരത് മാതാ കീ ജയ്" എന്ന് മുദ്രാവാക്യം വിളിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. സ്വാതന്ത്ര്യ ദിനവും കൃഷ്ണ ജയന്തിയും ഒന്നല്ലെന്നും, തെറ്റായ മുദ്രാവാക്യം തെറ്റായ സമയത്ത് വിളിച്ചെന്നുമാണ് ഇവര്‍ പറഞ്ഞത്.
എന്നാൽ, ഈ വിമർശനങ്ങളോട് ജാൻവി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ശക്തമായി പ്രതികരിച്ചു. സംഭവം തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വളച്ചൊടിച്ചതാണെന്ന് അവർ വ്യക്തമാക്കി. ആളുകൾ ആദ്യം "ഭാരത് മാതാ കീ ജയ്" എന്ന് വിളിക്കുകയായിരുന്നുവെന്നും, താൻ അതിനോട് ചേരുക മാത്രമാണ് ചെയ്തതെന്നും നടി വിശദീകരിച്ചു.
"അവർ ആദ്യം ജയ് വിളിച്ചിട്ട്, പിന്നീട് ഞാന്‍ വിളിച്ചില്ലെങ്കില്‍ പ്രശ്നം, ഇനി ഞാൻ പറഞ്ഞാൽ വീഡിയോ മുറിച്ചെടുത്ത് മീം ഉണ്ടാക്കാൻ ഉപയോഗിക്കും. എന്തായാലും, ജന്മാഷ്ടമിക്ക് മാത്രമല്ല, എല്ലാ ദിവസവും ഞാൻ 'ഭാരത് മാതാ കി ജയ്' എന്ന് വിളിക്കും." ജാൻവിയുടെ ഇൻസ്റ്റ സ്റ്റോറിയിൽ പറയുന്നു.