Jasmine Jaffar: 'അറിവില്ലായ്മ കൊണ്ട് ചെയ്തതാണ്, മാപ്പ്'; ഗുരുവായൂർ ക്ഷേത്രത്തിലെ റീൽസ് വിവാദത്തിൽ മാപ്പ് പറഞ്ഞ് ജാസ്മിൻ
ഈ സാഹചര്യത്തിലാണ് താരം പരസ്യമായി മാപ്പ് ചോദിച്ചത്.
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയ താരം ജാസ്മിൻ ജാഫർ. റീൽസ് പുറത്തുവന്നതിന് പിന്നാലെ ജാസ്മിനെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത വിമർശനങ്ങളും ജാസ്മിന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരസ്യമായി മാപ്പ് ചോദിച്ചത്.
സോഷ്യൽ മീഡിയയിലൂടെയാണ് ജാസ്മിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് താരം മാപ്പ് ചോദിച്ചത്. വിവാദത്തിന് കാരണമായ റീൽ തന്റെ പേജിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട് താരം. തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും ആരേയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ലെന്നുമാണ് ജാസ്മിൻ പറയുന്നത്.
'എന്നെ സ്‌നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു'' എന്നാണ് ജാസ്മിന്റെ പ്രതികരണം.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ജാസ്മിനെതിരായ പരാതി. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലയ്ക്ക് ക്ഷേത്രക്കുളത്തിൽ വിഡിയോ ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി അരുൺകുമാർ ആണ് പരാതി നൽകിയത്. ജാസ്മിൻ പങ്കുവച്ച റീൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.