'മമ്മൂക്ക മെസേജ് അയച്ചിരുന്നു, എക്സലെന്റ് എന്ന് പറഞ്ഞു'; കാന്താരയെക്കുറിച്ച് ജയറാം
സിനിമയുടെ പ്രൊമോഷൻ പരിപാടികളിലൊന്നും ജയറാം പങ്കെടുത്തിരുന്നില്ല.
മൂന്ന് വർഷത്തെ ചിത്രീകരണത്തിന് ശേഷമാണ് കാന്താര ചാപ്റ്റർ 1 തിയറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം രണ്ട് ദിവസം കൊണ്ട് 100 കോടി നേടിക്കഴിഞ്ഞു. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയുടെ പ്രൊമോഷൻ പരിപാടികളിലൊന്നും ജയറാം പങ്കെടുത്തിരുന്നില്ല.
കാന്താര 2 വിൽ ഒരു മുഴുനീള കഥാപാത്രമായാണ് ജയറാം എത്തിയിരിക്കുന്നത്. മാത്രമല്ല ഒരു സുപ്രധാന വേഷം തന്നെയാണ് ജയറാം ചെയ്തിരിക്കുന്നതും. ഇപ്പോഴിതാ തന്നെ അഭിനന്ദിച്ച് മമ്മൂട്ടിയും മെസേജ് അയച്ചിരുന്നുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ജയറാം പങ്കുവച്ച്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ജയറാം.
"ഒരുപാട് സന്തോഷം. ഒരു മിനിറ്റ് മുൻപ് ഫോൺ എടുത്ത് നോക്കിയപ്പോഴാണ് ഞാൻ ഒരുപാട് സന്തോഷിച്ചത്. മമ്മൂക്ക അഭിനന്ദിച്ച് മെസേജ് അയച്ചിരിക്കുന്നു. കാന്താരയിൽ എക്സലെന്റ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ബെഞ്ച്മാർക്കാണ്, കെജിഎഫ് എന്നൊക്കെ പറയുന്നതു പോലെ. 1000 കോടി സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാകാൻ ഒരു മലയാളിക്ക് കഴിഞ്ഞതിൽ ഒരുപാട് അഭിമാനം, സന്തോഷം.
എന്നോടുള്ള സ്നേഹം കൊണ്ട് മലയാളികൾ പറയാറുണ്ട്, അന്യഭാഷകളിൽ പോയിട്ട് ചെറിയ വേഷങ്ങൾ ചെയ്യുന്നു എന്നൊക്കെ. വലിയ സിനിമയുടെ ഭാഗമാകുമ്പോൾ അതിന്റെ ഫൈനൽ ഔട്ട്പുട്ട് വരുമ്പോൾ നമ്മുടെ വേഷം ചെറുതായി പോകുന്നതാണ്. അല്ലാതെ ചെയ്യുന്ന വേഷമൊക്കെ മുഴുനീള കഥാപാത്രം തന്നെയാണ്. ന്താരയെ സംബന്ധിച്ചിടത്തോളം അങ്ങനെയുണ്ടായില്ല. വളരെ ഹോംവർക്ക് ചെയ്തെടുത്ത ഒരു സിനിമയാണ് കാന്താര. മൂന്ന് വർഷത്തെ അവരുടെ കഷ്ടപ്പാട് എന്ന് പറയുന്നത് കണ്ടു പഠിക്കേണ്ട ഒന്ന് തന്നെയാണ്', ജയറാം പറഞ്ഞു.