Jayaram: 'റിഷബ് ഷെട്ടി എന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞു, കാന്താര 1000 കോടി കടക്കും': ജയറാം
സിനിമയിൽ ഒരു പ്രധാനവേഷത്തിൽ നടൻ എത്തിയിരുന്നു.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ പ്രതികരിക്കുകയാണ് നടൻ ജയറാം.
സിനിമയിൽ ഒരു പ്രധാനവേഷത്തിൽ നടൻ എത്തിയിരുന്നു. റിഷബ് തന്നോട് ഈ കഥ പറഞ്ഞപ്പോൾ മുതൽ ത്രില്ലിൽ ആയിരുന്നുവെന്നും നല്ലൊരു മലയാള സിനിമയ്ക്കായുള്ള കത്തിരിപ്പിന്റെ ഇടയിലാണ് മറ്റു ഭാഷകളിൽ സിനിമകൾ ചെയ്തിരുന്നതെന്നും ജയറാം റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
'മൂന്ന് വർഷം മുന്നേ റിഷബ് ഷെട്ടിയുടെ കാന്താര ആദ്യ ഭാഗം ഇറങ്ങിയ സമയത്ത്, ആ സിനിമ കണ്ടപ്പോൾ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയ്ക്കണം എന്നുണ്ടായിരുന്നു. പക്ഷെ കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്നെ തേടി അദ്ദേഹത്തിന്റെ കോൾ വന്നു, പെട്ടന്ന് ഞാൻ ഞെട്ടിപ്പോയി.
നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ വർഷങ്ങളായി അദ്ദേഹം എന്റെ ഫാൻ ആണെന്ന് പറഞ്ഞു. കേരള കർണാടക ബോർഡറിലാണ് ഒരുപാട് കാലം അദ്ദേഹം ചിലവഴിച്ചത്. അന്നത്തെ കാലത്തെ എല്ലാ മലയാളം സിനിമകളും പുള്ളി കാണാറുണ്ട്. അങ്ങനെയാണ് എന്നെ വിളിച്ചത്.
കാന്താര 2 വിലേക്ക് ഏറ്റവും പ്രധാനപ്പെട്ട വേഷം ചെയ്യാൻ വരണം എന്നും സിനിമയുടെ കഥ പറയുകയും ചെയ്തു. വലിയ ത്രില്ല് തോന്നി കഥ കേട്ട് കഴിഞ്ഞപ്പോൾ അത്രയും മനോഹരമായ കഥാപാത്രമായിരുന്നു. 1000 കോടിയേക്കാൾ മുകളിൽ സിനിമ പോകുമെന്നാണ് പ്രൊഡ്യൂസറിനെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. നല്ലൊരു മലയാള സിനിമയ്ക്കായുള്ള കത്തിരിപ്പിന്റെ ഇടയിലാണ് മറ്റു ഭാഷകളിൽ സിനിമകൾ ചെയ്യുന്നത്,' ജയറാം പറഞ്ഞു.