Drishyam: ദൃശ്യം 3 ഹിന്ദിയിൽ ആദ്യം എത്തില്ല, നിയമപരമായി നേരിടും എന്നറിയിച്ചു: അവർ പിന്മാറിയെന്ന് ജീത്തു ജോസഫ്
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ക്ളൈമാക്സ് താൻ അടുത്തിടെയാണ് എഴുതിയതെന്ന് ജീത്തു വെളിപ്പെടുത്തിയിരുന്നു.
ഭാഷകളുടെ അതിർവരമ്പുകൾ കടന്ന് ഹിറ്റായ ചിത്രമാണ് ദൃശ്യം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒന്നിച്ച ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലും റീമേക് ചെയ്യപ്പെട്ടു. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ക്ളൈമാക്സ് താൻ അടുത്തിടെയാണ് എഴുതിയതെന്ന് ജീത്തു വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ പകുതിയോടെ തുടങ്ങുമെന്നാണ് കരുതുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു. മാതൃഭൂമി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിനിമയുടെ ചിത്രീകരണം മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തുതന്നെ തുടങ്ങണമെന്ന ആവശ്യമുയർന്നിരുന്നുവെന്നും എന്നാൽ അക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ലെന്ന് ജീത്തു പറഞ്ഞു.
ആദ്യം ഹിന്ദിയിൽ തുടങ്ങാൻ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നൽകിയതോടെ അവർക്ക് പിന്തിരിയേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ മൂന്നാം ഭാഗം ഉണ്ടെങ്കിൽ ഇങ്ങനെയാകാമെന്നു സൂചിപ്പിച്ച് ഒരുപാടുപേർ കഥകളെഴുതിയിരുന്നുവെന്നും എന്നാൽ അതൊന്നും താൻ വായിച്ചിട്ടില്ലെന്നും ഡിലീറ്റ് ചെയുകയായിരുന്നുവെന്നും ജീത്തു പറഞ്ഞു.
'സെപ്റ്റംബർ പകുതിയോടെ ദൃശ്യം 3 തുടങ്ങണമെന്നാണ് കരുതുന്നത്. തിരക്കഥ പൂർത്തിയാക്കിയശേഷം ചിത്രീകരണം ആരംഭിക്കുന്നതാണ് എന്റെ രീതി. എഴുത്തുജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇന്നുരാവിലേയും ചില ഭാഗങ്ങൾ എഴുതി. ദൃശ്യം 3 അന്വേഷിച്ച് ഹിന്ദിയിൽനിന്ന് സിനിമക്കാർ വരുന്നതായുള്ള വാർത്തകൾ ശരിയാണ്. അവരെല്ലാം തിരക്കഥ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണ്.
മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തുതന്നെ ചിത്രീകരണം തുടങ്ങണമെന്ന ആവശ്യമുയർന്നിരുന്നു. പക്ഷേ, അക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. ആദ്യം ഹിന്ദിയിൽ തുടങ്ങാൻ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നൽകിയതോടെ അവർക്ക് പിന്തിരിയേണ്ടിവന്നു.
ദൃശ്യത്തിന്റെ മൂന്നാംഭാഗം ഇങ്ങനെയാകാമെന്നു സൂചിപ്പിച്ച് ഒരുപാടുപേർ കഥകളെഴുതി, എനിക്ക് മെയിലയച്ചിട്ടുണ്ട്. അതൊന്നും വായിച്ചുനോക്കാതെ ഡിലീറ്റ് ചെയുകയായിരുന്നു. കഥയുമായി ബന്ധപ്പെട്ട എന്റെ ആലോചനകളെ ഒരുവിധത്തിലും അതൊന്നും സ്വാധീനിക്കരുതെന്ന തീരുമാനമായിരുന്നു അതിനുപിന്നിൽ', ജീത്തു പറഞ്ഞു.