മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാപ്രേമികള്‍ മുഴുവനായി കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. കഴിഞ്ഞ 2 ഭാഗങ്ങളും ആദ്യമായി വന്നത് മലയാളത്തിലാണെങ്കില്‍ ഇത്തവണ ദൃശ്യം തെലുങ്ക്, ഹിന്ദി പതിപ്പുകളും മലയാളത്തിനൊപ്പമാണ് റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിനായി ജീത്തു ജോസഫിന്റെ തിരക്കഥ തന്നെയാകും 3 ഭാഷകളിലും ഉപയോഗിക്കുക. ഇപ്പോഴിതാ ദൃശ്യം 3ന്റെ ക്ലൈമാക്‌സ് എഴുതിതീര്‍ത്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
ഇതിനെ പറ്റി ജീത്തു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ. ഇന്നലെ രാത്രിയാണ് ഞാന്‍ ദൃശ്യം ക്ലൈമാക്‌സ് എഴുതി ക്ലോസ് ചെയ്തത്. ദൃശ്യം ത്രീയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി ക്ലോസ് ചെയ്ത് ഇത്രനാളും ടെന്‍ഷന്‍ ഇല്ലായിരുന്നു. ഇടയ്ക്ക് ആസിഫ് അലി അഭിനയിക്കുന്ന മിറാഷ് എന്ന സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നു. ആ സിനിമയുടെ ഷൂട്ടിനിടെയ്ക്ക് എല്ലാ ദിവസവും മൂന്നരയ്ക്ക് എഴുന്നേറ്റിരുന്നാണ് ദൃശ്യം 3 എഴുതിയിരുന്നത്. അതൊരു വലിയ സ്ട്രഗിള്‍ ആയിരുന്നു. മെന്റലിയും ഫിസിക്കലിയും ക്ഷീണിച്ചു. ഇന്നലെ രാത്രിയാണ് അതില്‍ നിന്നും റിലീഫ് കിട്ടിയത്. ദൃശ്യം 3 എഴുതി തീര്‍ത്ത് ഇവിടെ ഇപ്പോള്‍ ഇത് പറയുമ്പോളുള്ള ആശ്വാസം വലുതാണ്. എനിക്ക് ഭയങ്കര ഒരു ഇത് എന്താണെന്ന് വെച്ചാല്‍ ദൃശ്യത്തിന്റെ മ്യൂസിക് കേള്‍ക്കുമ്പോള്‍ വണ്ണും ടുവും ത്രീയുമെല്ലാം മനസിലൂടെ പോയ്‌കൊണ്ടിരിക്കുകയാണ്. അതൊരു വല്ലാത്ത ഫീലാണ്. ജീത്തു ജോസഫ് പറഞ്ഞു.