മോഹൻലാലിൻറെ ആരാധകർ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ദൃശ്യം 2 ടീസർ കാണുവാനായി. ഏഴു വർഷങ്ങൾക്കു ശേഷം ഈ പുതുവത്സര ദിനത്തിൽ ജോർജുകുട്ടിയും കുടുംബത്തിനെയും വീണ്ടും പ്രേക്ഷകർക്ക് കാണാം. അതിനുശേഷം അടുത്തുതന്നെ സിനിമ പ്രേമികൾക്ക് ചിത്രം തിയേറ്ററിൽ കാണാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മോഹൻലാലിനൊപ്പമുള്ള രസകരമായ ദൃശ്യം 2 പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്. ലോക്ക് ഡൗൺ കഴിഞ്ഞ് ലാൽ ആദ്യമായി അഭിനയിക്കാൻ എത്തിയത് ദൃശ്യം 2-ലായിരുന്നു. വീട്ടിലിരുന്ന് അദ്ദേഹത്തിന് അല്പം തടി കൂടിയതിനാൽ തനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു എന്നാണ് ജിത്തു ജോസഫ് പറയുന്നത്.
"ലാലേട്ടന്‍ വെയ്റ്റ് കുറച്ചതു തന്നെ അതിനായിരുന്നു. ലോക്ക്ഡൗണില്‍ ഇരുന്ന് വണ്ണം വെച്ചപ്പോള്‍ എനിക്ക് ഭയങ്കര ഉത്കണ്ഠയുണ്ടായിരുന്നു. അത് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, ടെന്‍ഷന്‍ അടിക്കണ്ട ഞാന്‍ ജോര്‍ജ് കുട്ടിയായി വന്നോളാമെന്ന്. പത്തിരുപത് ദിവസം കഷ്ടപ്പെട്ട് സ്‌ട്രെയിന്‍ എടുത്താണ് ഇങ്ങനെയായത്, ഷൂട്ടിങ് തീരും വരെയും അത് പിന്തുടര്‍ന്നു. അത്രയും ശ്രമിച്ചാണ് അദ്ദേഹം ആ കഥാപാത്രത്തിലേക്ക് വന്നത്." - ജിത്തു ജോസഫ് പറഞ്ഞു. ' ദ ക്യൂ'ന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ്സ് തുറന്നത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.