കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന
പ്രകമ്പനത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് നവാസ് മരിക്കുന്നത്.
Publish Date: Sat, 31 Jan 2026 (11:49 IST)
Updated Date: Sat, 31 Jan 2026 (12:01 IST)
കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ ഭാര്യ രഹനയും മക്കളും തീയറ്ററിലെത്തി. കണ്ണ് നിറഞ്ഞ് കൊണ്ട് സിനിമ കണ്ടിറങ്ങുന്ന രഹനയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പോലും പ്രതികരിക്കാൻ കഴിയാതെ മകനെ കെട്ടിപ്പിടിച്ച് കരയുന്ന രഹനയുടെ ദൃശ്യങ്ങൾ ഏവരെയും സങ്കടപ്പെടുത്തുന്നതാണ്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം. പ്രകമ്പനത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് കലാഭവൻ നവാസ് മരിക്കുന്നത്.
അതേ സമയം തിയേറ്ററുകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ചിത്രം. വിജേഷ് പാണത്തൂർ സംവിധാനം ചെയ്‌ത ഈ ചിത്രം ഹൊറർ-കോമഡി ഴോണറിൽ മലയാളികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. നവരസ ഫിലിംസും പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിട്ടുള്ളതാണ്.
ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ലാൽ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നവാഗതനായ ശ്രീഹരി വടക്കനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.