ഗണപതിയും സാഗർ സൂര്യയും ഒന്നിക്കുന്നു; പ്രകമ്പനം പോസ്റ്റർ പുറത്ത്
കാർത്തിക് സുബ്ബരാജ് ആണ് പോസ്റ്റർ പുറത്തുവിട്ടത്.
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന മിസ്റ്റിക് -കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ത്തിന്റെ പോസ്റ്റർ പുറത്ത്. തമിഴ് സൂപ്പർ ഹിറ്റ് സംവിധായാകൻ കാർത്തിക് സുബ്ബരാജ് ആണ് പോസ്റ്റർ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ പ്രമുഖ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെഎസ്, കാർത്തികേയൻ, സുധീഷ്.എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. തിയേറ്ററിൽ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന സിനിമ തന്നെയായിരിക്കും പ്രകമ്പനം എന്ന ഉറപ്പ് നൽകുന്ന മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്,കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതൾ ജോസഫ് ആണ് നായിക. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും ഗണപതിയും ഒരുമിക്കുമ്പോൾ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.