Kalabhavan Navas : വിങ്ങലായി കലാഭവന്‍ നവാസിന്റെ വിടവാങ്ങല്‍, അപ്രതീക്ഷിത മരണം വിശ്വസിക്കാനാവാതെ സിനിമാലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
നാല് മണിയോടെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ മൃതദേഹം എത്തിക്കും. അഞ്ച് മണിയോടെ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം.
നടന്‍ കലാഭവന്‍ നവാസിന് അന്ത്യാഞ്ജലി. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ മരിച്ച നിലയിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരത്തെ കണ്ടെത്തിയത്. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 10 മണിയോടെ താരത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. നാല് മണിയോടെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ മൃതദേഹം എത്തിക്കും. അഞ്ച് മണിയോടെ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം.
ഇന്നലെ രാത്രിയായിരുന്നു ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഹോട്ടല്‍ മുറിയിലെത്തിയ നവാസിനെ മരിച്ച നിലയില്‍ കാണുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ താരം വീണ്ടും സജീവമാകുന്നതിനിടെയാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ടുള്ള താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഹോട്ടല്‍ മുറിയിലെത്തിയ റൂം ബോയിയാണ് നവാസിനെ നിലത്ത് വീണ നിലയില്‍ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നവാസിന് ജീവനുണ്ടായിരുന്നതായി ചോറ്റാനിക്കരയിലെ ഹോട്ടല്‍ ഉടമ മാധ്യമങ്ങളോട് പറഞ്ഞു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹോട്ടല്‍ റൂമില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്റെ വിയോഗം.
കലാഭാവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ് നടനെന്ന നിലയിലും ഗായകനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. കെ എസ് പ്രസാദിന്റെയൊപ്പം കലാഭാവനിലെത്തിയ നവാസിന് അച്ഛന്‍ അബൂബക്കറിന്റെ അഭിനയസിദ്ധിയും ജന്മസിദ്ധമായി ലഭിച്ചിരുന്നു. 1995ല്‍ ചൈതന്യം എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്. മാട്ടുപ്പെട്ടി മച്ചാന്‍, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്. മൈ ഡിയര്‍ കരടി, ചട്ടമ്പിനാട്, ചക്കരമുത്ത് എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. അടുത്തിടെ ഇറങ്ങിയ ഡിറ്റക്റ്റീവ് ഉജ്ജ്വലനിലെ കഥാപാത്രത്തോടെ സിനിമയില്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് രംഗബോധമില്ലാതെ മരണം കടന്നുവന്നത്.