Lokah Chapter one: Chandra: 'എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല'; ഷൂട്ട് തുടങ്ങി നാലാം നാൾ പേടിച്ച് ദുൽഖറിനെ വിളിച്ച കല്യാണി
തുടക്കത്തിൽ ആശങ്കകളുണ്ടായിരുന്നുവെന്നാണ് ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശൻ പറയുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നിലേക്കുള്ള കുതിപ്പിലാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. ചിത്രം ഇതിനോടകം തന്നെ 250 കോടി പിന്നിട്ടിട്ടുണ്ട്. റിലീസ് ചെയ്ത് 19-ാം ദിവസാണ് ലോക 250 കോടിയിലെത്തുന്നത്. ഇനി ലോകയ്ക്ക് മുമ്പിലുള്ളത് എമ്പുരാൻ മാത്രമാണ്. എന്നാൽ ലോക ചെയ്യാൻ തനിക്ക് തുടക്കത്തിൽ ആശങ്കകളുണ്ടായിരുന്നുവെന്നാണ് ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശൻ പറയുന്നത്.
ചന്ദ്ര തന്നിൽ നിന്നും തീർത്തും വ്യത്യസ്തയാണ്. അതിനാൽ തുടക്കത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ആശങ്കകളുണ്ടായിരുന്നുവെന്നും ഒരുനാൾ താൻ ദുൽഖറിനെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞുവെന്നുമാണ് കല്യാണി പറയുന്നത്. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്.
''അവനവനിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു വേഷം ചെയ്യുകയും അതിന് അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്യുന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. ഇതും അതുപോലൊന്നാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ അൺലേൺ ചെയ്യേണ്ടി വന്നു. തുടക്കം മുതൽക്കെ എന്റെ സ്വാഭാവിക രീതികൾ മാറ്റേണ്ടി വന്നു. എല്ലാവരും ഇതുവരെ കണ്ടിട്ടുള്ള കല്യാണി അല്ല ഇത് എന്ന കാര്യത്തിൽ തുടക്കം മുതലെ ഡൊമിനിക്കിന് നിശ്ചയമുണ്ടായിരുന്നു.
ഒരുപാട് പക്വത വേണ്ട കഥാപാത്രമാണ്, എന്നാൽ നിർവികാരയാണ് പലപ്പോഴും, ഒരുപാട് മുഖംമൂടികൾ അണിഞ്ഞവളാണ്. ഒരുപാട് കാലം ജീവിച്ചവളായതിനാൽ അവൾക്ക് തന്നെ അവളുടെ ചില വശങ്ങൾ നഷ്ടമായിട്ടുണ്ട്. എല്ലാത്തിൽ നിന്നും അകലം പാലിക്കുന്നവളാണ്. ഈ കഥാപാത്രം ചെയ്യാനുള്ള ആശങ്കകാരണം ഞാൻ ദുൽഖറിനെ ഒരു ദിവസം വിളിച്ചിരുന്നു. എനിക്കറിയില്ല ഞാൻ എന്താണ് ചെയ്യുന്നതെന്ന്, എനിക്കിത് ഒട്ടും സ്വാഭാവികമായി തോന്നുന്നില്ലെന്ന് പറഞ്ഞു.
നിന്റെ കാര്യം മാറ്റിവെക്കു, നിനക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിലൊക്കെ നീ സന്തുഷ്ടയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഡൊമിനിക് എടുക്കുന്ന തീരുമാനങ്ങളൊക്കെ ശരിയാണ് എന്ന് തോന്നുന്നുണ്ടോ? എല്ലാവരും അടിപൊളിയാണ് എന്ന് പറഞ്ഞപ്പോൾ എന്നാൽ നീയും അടിപൊളിയാണെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ടാകും എന്ന് ദുൽഖർ പറഞ്ഞു. ആ പോയന്റിലാണ് ഞാൻ പൂർണമായും ഡൊമിനിക്കിന് കീഴടങ്ങുന്നത്. ഷൂട്ട് തുടങ്ങി നാലാം നാൾ ആണ് ഞാൻ ദുൽഖറിനെ വിളിച്ചത്.
എനിക്കിത് ചെയ്യാൻ പറ്റില്ലെന്ന് കരുതിയാണ് അന്ന് തിരികെ വന്നത്. ഒട്ടും നാച്ച്വറൽ അല്ല. ആളുകൾ ഇതെങ്ങനെ സ്വീകരിക്കുമെന്ന് ഞാൻ ആശങ്കപ്പെട്ടു. അപ്പോഴാണ് ഞാൻ ദുൽഖറിനെ വിളിച്ചത്. ഞാൻ കൈകൾ കൊണ്ട് സംസാരിക്കുന്ന ആളാണ്. സംസാരത്തിനിടെ പത്ത് തവണ കണ്ണ് ബ്ലിങ്ക് ചെയ്യും. എന്നാൽ അതൊന്നും വേണ്ടെന്ന് ഡൊമിനിക് ആദ്യമേ പറഞ്ഞു. നീ അവതരിപ്പിക്കുന്ന കഥാപാത്രം നൂറ് കണക്കിന് വയസുള്ളൊരു കഥാപാത്രമാണെന്നും അതുപോലെയാണ് പെരുമാറേണ്ടതെന്നും ഡൊമിനിക് പറഞ്ഞു. അച്ഛൻ പഠിപ്പിച്ചിട്ടുള്ളത് സ്വാഭാവികത തോന്നാൻ കയ്യിൽ കിട്ടുന്ന പ്രോപ്പർട്ടികളെല്ലാം ഉപയോഗിക്കണമെന്നാണ്. പക്ഷെ ഇവിടെ എനിക്ക് ടൈം ആന്റ് സ്‌പേസിലൂടെ ഒഴുകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്', എന്നും കല്യാണി പറയുന്നു.