Kangana Ranaut Equality Statement: സ്ത്രീ ഒരിക്കലും പുരുഷന് തുല്യരല്ല, സമത്വം വേണമെന്ന് പറയുന്നവർ മണ്ടന്മാർ: കങ്കണ റണാവത്
ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സമത്വം ലോകത്ത് സൃഷ്ടിച്ചത് വിഡ്ഢികളുടെ തലമുറയെ ആണെന്ന് കങ്കണ റണാവത്. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും നടി പറഞ്ഞു. രാഷ്ട്രീയ ചിലവേറിയൊരു ഹോബിയാണെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സമത്വത്തെക്കുറിച്ചുള്ള കങ്കണയുടെ വാക്കുകൾ വാർത്തയാകുന്നത്. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഈ ലോകത്ത് ആരും തുല്യരല്ലെന്നും എല്ലാവരും വ്യത്യസ്തരാണെന്നും കങ്കണ പറയുന്നു. സമത്വത്തിൽ വിശ്വസിക്കുന്നവർ സൃഷ്ടിക്കുന്നത് വിഡ്ഢികളുടെ തലമുറയെയാണെന്നും താരം അഭിപ്രായപ്പെട്ടു. തന്റേയും മുകേഷ് അംബനിയുടേയും ഉദാഹരണങ്ങളും താരം തന്റെ വാദം ശക്തിപ്പെടുത്താൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
''ഈ ലോകം സമത്വത്തിൽ വിശ്വസിക്കാൻ തുടങ്ങിയതിന് ശേഷം സൃഷ്ടിക്കപ്പെട്ടത് വിഡ്ഢികളുടെ തലമുറയാണ്. ഈ മേഖലയിൽ (മാധ്യമ പ്രവർത്തനം) നിങ്ങൾക്ക് എന്നേക്കാൾ അനുഭവമുണ്ട്. പക്ഷെ കലയുടെ കാര്യത്തിൽ നിങ്ങൾ എനിക്ക് തുല്യനല്ല. ഞാൻ എന്റെ അമ്മയ്ക്കും തുല്യമല്ല. ഞാൻ അംബാനിയ്ക്ക് തുല്യയല്ല. അദ്ദേഹം എനിക്കും സമനല്ല. കാരണം എന്റെ പക്കൽ നാല് ദേശീയ അവാർഡുകളുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരിൽ നിന്നും നമുക്ക് പഠിക്കാനാകും'' എന്നാണ് കങ്കണ പറയുന്നത്.
''ഒരു തൊഴിലാളിയുടെ അടുത്തിരിക്കുമ്പോൾ ഇയാൾക്ക് എന്നേക്കാൾ സഹിഷ്ണുതയുണ്ടല്ലോ എന്നാണ് ഞാൻ ചിന്തിക്കുക. ഞാൻ അയാൾക്ക് സമമല്ല. ഒരു കുട്ടി ഒരു സ്ത്രീയ്ക്ക് തുല്യയല്ല. ഒരു സ്ത്രീ ഒരു പുരുഷന് തുല്യയല്ല. ഒരു പുരുഷൻ കുടുംബത്തിലെ മുതിർന്ന വ്യക്തിയ്ക്ക് തുല്യനല്ല. നമുക്കെല്ലാം വ്യത്യസ്തമായ റോളുകളുണ്ട്. നമ്മളെല്ലാം വ്യത്യസ്തരാണ്'' എന്നും കങ്കണ പറയുന്നു.
എംപി കൂടിയായ നടി കഴിഞ്ഞ ദിവസം രാഷ്ട്രീയം ചെലവേറിയ ഹോബിയാണെന്ന് പറഞ്ഞിരുന്നു. എംപി എന്ന ജോലി താൻ ആസ്വദിക്കുന്നില്ലെന്ന കങ്കണയുടെ വാക്കുകളും വിവാദമായിരുന്നു. പഞ്ചായത്ത് തലത്തിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞാണ് തന്നെ ആളുകൾ സമീപിക്കുന്നത്. അതിനാൽ ജോലി ആസ്വദിക്കാനാകുന്നില്ല. എംപി എന്ന നിലയിൽ കൂടുതൽ സമ്പാദിക്കാൻ സാധിക്കില്ല. അതിനാൽ കുടുംബം നടത്താൻ ജോലി അനിവാര്യമാണെന്നും കങ്കണ പറഞ്ഞിരുന്നു. താൻ മന്ത്രിയാകുമെന്ന പ്രതീക്ഷിച്ചിരുന്നതായും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.