Publish Date: Thu, 05 May 2022 (15:50 IST)
Updated Date: Thu, 05 May 2022 (15:53 IST)
ഇന്ത്യൻ സിനിമ വ്യവസായത്തിൽ ബോളിവുഡിനുണ്ടായിരുന്ന അപ്രമാതിത്വം അവസാനിക്കുകയാണോ എന്ന ചർച്ചയാണ് ബാഹുബലി, പുഷ്‌പ,ആർആർആർ, കെജിഎഫ്2 എന്നീ ചിത്രങ്ങളുടെ ഉജ്ജ്വല വിജയങ്ങൾ തുടക്കമിട്ടത്. തെലുങ്കിനൊപ്പം ഇവയുടെ ഹിന്ദി പതിപ്പുകൾ ബോളിവുഡ് ചിത്രങ്ങളുടെ എക്കാലത്തെയും കളക്ഷൻ റെക്കോർഡുകളാണ് തകർത്തു മുന്നേറുന്നത്.
സമീപകാലത്തിറങ്ങിയ ഒരൊറ്റ ഹിന്ദി ചിത്രത്തിന് പോലും തെലുങ്ക്,കന്നഡ ചിത്രങ്ങൾ ഹിന്ദി ബെൽറ്റിൽ നിന്നും നേടിയ കളക്ഷൻ നേടാനായിട്ടില്ല. ഇപ്പോഴിതാ ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് കെജിഎഫ് 2.
391.65 കോടിയാണ് കെജിഎഫ് 2ന്‍റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത്. ആമിര്‍ ഖാന്‍റെ ദംഗലിനെയാണ് ചിത്രം പിന്നിലാക്കിയത്. ദംഗലിന്റെ ലൈഫ് ടൈം ഇന്ത്യൻ ഗ്രോസ് വെറും 21 ദിവസങ്ങൾ കൊണ്ടാണ് കെജിഎഫ്2 മറികടന്നത്. ബാഹുബലി 2 മാത്രമാണ് കളക്ഷനിൽ ഇനി കെജിഎഫിന് മുന്നിലുള്ളത്.