Empuraan and Lokah: ഈ വർഷം ഏറ്റവും കളക്ഷൻ നേടിയ 10 സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിക്കാനാകാതെ ലോകയും എമ്പുരാനും
ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിക്കാൻ ലോകയ്ക്ക് സാധിച്ചില്ല.
മലയാള സിനിമയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു ഇത്. വലുതും ചെറുതുമായ ഒരുപിടി നല്ല സിനിമകൾ റിലീസ്. രണ്ട് തവണ ഇൻഡസ്ട്രി ഹിറ്റ് എന്ന റെക്കോർഡ് പൊട്ടിച്ച വർഷമായിരുന്നു ഇത്. ദുൽഖർ സൽമാൻ നിർമിച്ച് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായ ലോക ആണ് മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടം. എന്നാൽ, ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിക്കാൻ ലോകയ്ക്ക് സാധിച്ചില്ല.
ചിത്രങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വർഷം ഇന്ത്യൻ ബോക്സ്ഓഫീസിൽ ശക്തി തെളിയിച്ചവരുടെ ലിസ്റ്റിൽ ഇടംപിടിക്കാൻ ഒരു മലയാള സിനിമയ്ക്ക് പോലും സാധിച്ചില്ല. റിഷബ് ഷെട്ടി ചിത്രമായ കാന്താര ചാപ്റ്റർ 1 ആണ് ഈ ലിസ്റ്റിൽ ഒന്നാമതുള്ളത്. 697 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. വെറും 22 ദിവസം കൊണ്ട് സിനിമ ആകെ നേടിയത് 800 കോടിയാണ്.
വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. വിക്കി കൗശൽ ചിത്രമായ ഛാവയാണ് രണ്ടാം സ്ഥാനത്ത്. 695 കോടിയാണ് ഛാവയുടെ ഇന്ത്യൻ കളക്ഷൻ. ബോളിവുഡ് ഹിറ്റ് ചിത്രം സൈയാര ആണ് മൂന്നാം സ്ഥാനത്ത്. 393 കോടിയാണ് സൈയാരയുടെ ഇന്ത്യൻ കളക്ഷൻ. രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലിയാണ് നാലാം സ്ഥാനം സ്വന്തമാക്കിയത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ചിത്രം 323 കോടി രൂപ ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കി.
മോശം പ്രതികരണങ്ങൾ നേടിയിട്ടും ബോളിവുഡ് ചിത്രം വാർ 2 നേടിയത് 287 കോടിയാണ്. നാലാം സ്ഥാനത്തുള്ള വാർ 2 വിന്റെ തൊട്ടുപിന്നിലായി ഉള്ളത് അനിമേഷൻ ചിത്രമായ മഹാവതാർ നരസിംഹ ആണ്. 268 കോടിയാണ് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. പവൻ കല്യാൺ ചിത്രം ഒജി, സംക്രാന്തികി വസ്തുനാം, റെയ്ഡ് 2 , സിതാരെ സമീൻ പർ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു സിനിമകൾ.
ഈ ലിസ്റ്റിൽ ഇടംപിടിക്കാൻ ഒരു മലയാള സിനിമയ്ക്ക് പോലും സാധിച്ചില്ല. മലയാളത്തിന് ഏറ്റവും മികച്ച വര്ഷമായിരുന്നിട്ട് കൂടി ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി പദങ്ങൾക്കൊപ്പം നിൽക്കാൻ ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ആയിട്ടില്ല. 63 ദിവസം കൊണ്ട് ലോക ഇന്ത്യയിൽ നിന്ന് നേടിയത് 156.73 കോടിയാണ്. ഇന്ത്യൻ ഗ്രോസ് ആവട്ടെ 183.67 കോടിയും. 300 കോടി ലഭിക്കുന്ന ആദ്യ മലയാള സിനിമയാണ് ലോക. 125 കോടി നേടിയ എമ്പുരാൻ തൊട്ടുപിന്നാലെയുണ്ട്.