വേടന്റെ വരികളില്‍ കവിതയുണ്ട്, ജയിലില്‍ കിടന്ന ആളാണോയെന്ന് എനിക്കു നോക്കേണ്ടതില്ല: കൈതപ്രം
വേടന്‍ സാംസ്‌കാരിക നായകനാണോ അതോ ജയിലില്‍ കിടന്ന ആളാണോ എന്നൊന്നും എനിക്കു നോക്കേണ്ടതില്ല
സംസ്ഥാന പുരസ്‌കാരം നേടിയ റാപ്പര്‍ വേടനെ പുകഴ്ത്തി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണ് വേടനു ലഭിച്ചത്. അവാര്‍ഡിന് അര്‍ഹമായ വേടന്റെ വരികളില്‍ കവിതയുണ്ടെന്ന് കൈതപ്രം പറഞ്ഞു. മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് കൈതപ്രം ഇക്കാര്യം പറഞ്ഞത്.
വേടന്‍ സാംസ്‌കാരിക നായകനാണോ അതോ ജയിലില്‍ കിടന്ന ആളാണോ എന്നൊന്നും എനിക്കു നോക്കേണ്ടതില്ല. അതിനു ചുമതലപ്പെട്ടവര്‍ അക്കാര്യങ്ങള്‍ ശ്രദ്ധിക്കട്ടെ. ജയിലില്‍ കിടന്ന ഒരാള്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രയാസമോ തടസ്സമോ ഇല്ലാത്ത നാട്ടിലാണ് വേടനു പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതെന്ന കാര്യം കൗതുകമാണെന്നും കൈതപ്രം പറഞ്ഞു.
വേടന്റെ കാര്യത്തില്‍ സദാചാരകാര്യം നീതിന്യായ വ്യവസ്ഥയാണു മറുപടി പറയേണ്ടത്. അയാള്‍ എന്തെഴുതി എന്നാണു ഞാന്‍ അന്വേഷിക്കുന്നത്. 'വിയര്‍പ്പ് തുന്നിയ കുപ്പായം, നിറങ്ങള്‍ മായില്ല കട്ടായം' എന്നെഴുതിയതിലൂടെ അവാര്‍ഡ് ലഭിച്ചതില്‍ കുറ്റമില്ല എന്നു മാത്രമേ എനിക്കു പറയാനുള്ളൂ. അവാര്‍ഡു കമ്മിറ്റിക്കാര്‍ പ്രസ്താവനകളില്‍ കക്ഷിരാഷ്ട്രീയം കടത്തുന്നത് വിവാദം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.