അധികം ഹൈപ്പില്ലാതെ വന്ന് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക എന്ന സിനിമ. കഴിഞ്ഞ 24 മണിക്കൂറിൽ ലോകയുടെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട്. റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോഴും ബുക്ക് മൈ ഷോയിൽ നിരവധി ടിക്കറ്റുകളാണ് വിറ്റ് പോകുന്നത്.
ബുക്ക് മൈ ഷോയിൽ ഒന്നാം സ്ഥാനത്ത് റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ട മിറൈ എന്ന തെലുങ്ക് ചിത്രമാണ്. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് മിറൈയുടേതായി വിറ്റ് പോയിരിക്കുന്നത്. ഇന്നും നാളെയുമായി മികച്ച കളക്ഷൻ തന്നെ സിനിമയ്ക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അണിയറ പ്രവർത്തകർ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷൻ നേടി മുന്നേറുന്നത്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.