പുലിമുരുകന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനായി അഭിനയിച്ചത് തെലുങ്കിലെ പ്രമുഖതാരം ജഗപതി ബാബുവാണ്. ‘ഡാഡി ഗിരിജ’ എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. പുലിമുരുകനും ഡാഡി ഗിരിജയും ഏറ്റുമുട്ടുന്ന ക്ലൈമാക്സ് രംഗം തന്നെയായിരുന്നു ആ സിനിമയുടെ ഏറ്റവും വലിയ അട്രാക്ഷന്‍.
എന്തായാലും വൈശാഖിന്‍റെ പുതിയ സിനിമയിലും വില്ലന്‍ ജഗപതി ബാബു തന്നെ. മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ‘മധുരരാജ’യില്‍ രാഷ്ട്രീയനേതാവായ വില്ലന്‍ കഥാപാത്രത്തെയാണ് ജഗപതിബാബു അവതരിപ്പിക്കുന്നതെന്നാണ് വിവരം. കഥാപാത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
മമ്മൂട്ടിയും ജഗപതിബാബുവും ശാരീരികമായും വാക്കുകള്‍ കൊണ്ടും ഏറ്റുമുട്ടുന്ന അനവധിരംഗങ്ങള്‍ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ ‘മധുരരാജ’യുടെ സ്ക്രിപ്റ്റില്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം. വൈശാഖിന്‍റെ കിടിലന്‍ സംവിധാനം കൂടിയാകുമ്പോള്‍ ആ രംഗങ്ങളില്‍ തീ പാറുമെന്നുറപ്പ്.
പീറ്റര്‍ ഹെയ്ന്‍ ആണ് മധുരരാജയുടെ സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. പുലിമുരുകനെയും ഒടിയനെയും വെല്ലുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും മധുരരാജയിലേതെന്നാണ് സൂചന. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ തമിഴ് താരം ജെയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഹിമ നമ്പ്യാര്‍, അനുശ്രീ, ഷംന കാസിം എന്നിവരാണ് മധുരരാജയിലെ നായികമാര്‍.