ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ സിനിമയിലേക്ക് അരങ്ങേറുന്നത്. സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ഹൃദയപൂർവം ആണ് മാളവികയുടേതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം. മോഹൻലാലിന്റെ നായികയായിട്ടാണ് മാളവിക അഭിനയിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം മാളവിക പങ്കുവച്ചിരുന്നു.
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് മാളവിക. കഴിഞ്ഞ ദിവസം എക്സിലൂടെ ആരാധകരുമായി മാളവിക സംവദിച്ചിരുന്നു. ആസ്ക് മാളവിക എന്ന ടാഗിൽ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒരാളുടെ ചോദ്യത്തിന് മാളവിക നൽകിയ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'മമ്മൂട്ടിയോ മോഹൻലാലോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം.
'ഇതിലൊരാളാണ് എന്നെ സിനിമയുടെ മനോഹരമായ ലോകത്തേക്ക് കൊണ്ടുവന്നത്. മറ്റൊരാളുമായി ഇപ്പോൾ ഞാനൊരു മനോഹരമായ ചിത്രം പൂർത്തിയാക്കിയതേ ഉള്ളൂ. അപ്പോൾ ഇത് അല്പം അന്യായമായ ചോദ്യമാണ്, അല്ലേ?'- എന്നായിരുന്നു മാളവികയുടെ മറുപടി.
മാളവിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് ദുൽഖർ സൽമാൻ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലേക്ക് നായികയായി തന്റെ പേര് റെക്കമന്റ് ചെയ്തത് മമ്മൂട്ടി ആയിരുന്നുവെന്ന് മാളവിക മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.