പട്ടം പോലെയിലേക്ക് എന്നെ ശുപാര്‍ശ ചെയ്തത് മമ്മൂക്ക, എന്റെ ആദ്യ അവസരം: മാളവിക മോഹനന്‍
ദുല്‍ഖര്‍ സല്‍മാനൊപ്പം പട്ടം പോലെ എന്ന സിനിമയിലായിരുന്നു മാളവിക സിനിമയിലെ തന്റെ അരങ്ങേറ്റം കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി തന്റെ എഴുപത്തിനാലാം പിറന്നാള് ദിനം ആഘോഷമാക്കിയത്. മമ്മൂട്ടിയ്‌ക്കൊപ്പം മലയാള സിനിമാ ലോകവും ഈ ജന്മദിനം ആഘോഷിക്കുകയുണ്ടായി. ഒട്ടേറെ സഹപ്രവര്‍ത്തകരാണ് പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്. ഇതില്‍ തെന്നിന്ത്യയില്‍ നിറഞ്ഞുനില്‍ക്കുന്ന മാളവിക മോഹനനും ഉണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പം പട്ടം പോലെ എന്ന സിനിമയിലായിരുന്നു മാളവിക സിനിമയിലെ തന്റെ അരങ്ങേറ്റം കുറിച്ചത്.
മമ്മൂട്ടി ഫോണില്‍ തന്റെ ചിത്രം പകര്‍ത്തുന്ന ഫോട്ടോയാണ് മാലവിക പങ്കുവെച്ചത്. തന്റെ ജീവിതത്തിലെ ആദ്യ ഓഡിഷന്‍ എന്നാണ് ഈ ചിത്രത്തെ മാളവിക വിശേഷിപ്പിച്ചത്.മോഹന്‍ലാലിനൊപ്പമുള്ള ഹൃദയപൂര്‍വം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുമ്പോള്‍ താന്‍ എവിടെ നിന്നാണ് തുടങ്ങിയതെന്ന് ചിന്തിക്കാതിരിക്കാന്‍ കഴിയില്ലെന്ന് കുറിപ്പില്‍ പറയുന്നു.
ഇതെന്റെ ജീവിതത്തിലെ ആദ്യ ഓഡിഷനായിരുന്നു. അന്നത് സംഭവിക്കുമ്പോള്‍ എനിക്കതിന്റെ ഗൗരവം മനസിലായിരുന്നില്ല. ആദ്യമായി ഒഡീഷന്‍ ചെയ്യുന്നത് ഒരു ഇതിഹാസ നടനായിരിക്കുമെന്ന് ആരാണ് കരുതുക, അവിശ്വസനീയമല്ലെ. മാളവിക കുറിച്ചു. ദുല്‍ഖര്‍ നായകനായുള്ള കാസ്റ്റിംഗ് നടക്കുന്നതിനിടെയാണ് ഒരു സെറ്റില്‍ വെച്ച് മാളവികയെ മമ്മൂട്ടി കാണുന്നതും സിനിമയിലേക്ക് ശുപാര്‍ശ ചെയ്യുന്നതും. ഇത് ഓര്‍ത്തുകൊണ്ടാണ് സിനിമാലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്തിയത് മമ്മൂട്ടിയാണെന്ന് പിറന്നാള്‍ ദിനത്തില്‍ മാളവിക ഓര്‍ത്തെടുത്തത്.ജന്മദിനാശംസകള്‍ മമ്മൂക്ക. സിനിമയുടെ മാന്ത്രികലോകത്തേക്ക് എന്നെ കൊണ്ടുവന്നതിന് നന്ദി എന്ന വാക്കുകളോടെയാണ് മാളവികയുടെ കുറിപ്പ് അവസാനിക്കുന്നത്.