വളരെ പ്രോഗ്രസീവ് ആയ ഒരു സ്ത്രീയായിട്ടായിരുന്നു ഇത്രയും കാലം സോഷ്യൽ മീഡിയ നടി മല്ലിക സുകുമാരനെ കണ്ടിരുന്നത്. മരുമക്കളായ പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ് എന്നിവരുമായുള്ള അടുപ്പത്തെ കുറിച്ചൊക്കെ ചോദ്യങ്ങൾ വരുമ്പോൾ, തനിക്ക് തനിച്ച് താമസിക്കാനാണിഷ്ടമെന്നും മക്കളുടെയും മരുമക്കളുടെയും ജീവിതത്തിൽ കടിച്ചുതൂങ്ങി നിൽക്കാൻ താല്പര്യമില്ലെന്നുമൊക്കെ മല്ലിക പറഞ്ഞിരുന്നു.
ഇന്നത്തെ കാലത്തെ അമ്മായിഅമ്മമാർ മല്ലികയെ കണ്ട് പഠിക്കണമെന്നൊക്കെ കമന്റുകൾ വന്നിരുന്നു. എന്നാൽ, പുതിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞ കാര്യങ്ങൾ നടിയുടെ മുൻപ്രസ്താവനകളെ മുഴുവൻ അപ്രസക്തമാക്കുന്നതാണ്. പെൺകുട്ടികൾ വിചാരിക്കേണ്ട ഒരു കാര്യമെന്താണെന്ന് വെച്ചാൽ അവരുടെ അമ്മയെക്കാൾ അവർ സ്ഥാനം കൊടുക്കേണ്ടത് ഭർത്താവിന്റെ അമ്മയ്ക്കാണ് എന്നാണ് മല്ലിക പറഞ്ഞത്.
നടിയുടെ പുതിയ അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ പ്രോഗ്രസീവ് അമ്മായിയമ്മ എന്നുള്ള ടാഗ് മല്ലികയിൽ നിന്നും എടുത്ത് മാറ്റിയിരിക്കുകയാണ് പ്രേക്ഷകർ. ഒപ്പം വിമർശനവും ഉയരുന്നുണ്ട്. പെൺകുട്ടികൾ വിവാഹം കഴിഞ്ഞാൽ അമ്മയെക്കാൾ സ്ഥാനം അമ്മായിയമ്മയ്ക്ക് കൊടുക്കണമെന്നാണ് മല്ലിക പറഞ്ഞത്. വീഡിയോ വൈറലായതോടെ നടിയെ വിമർശിച്ച് കമന്റുകൾ നിറഞ്ഞു.
'പെൺകുട്ടികൾ കുറച്ച് കൂടി വിചാരിക്കേണ്ട ഒരു കാര്യമെന്താണെന്ന് വെച്ചാൽ അവരുടെ അമ്മയെക്കാൾ അവർ സ്ഥാനം കൊടുക്കേണ്ടത് ഭർത്താവിന്റെ അമ്മയ്ക്കാണ്. ഞങ്ങൾ ആരും കല്യാണം ആലോചിച്ച് അങ്ങോട്ട് പോയതല്ലല്ലോ. ഞാൻ എന്റെ മക്കളുടെ കാര്യമല്ല പറഞ്ഞത്. എന്റെ അമ്മായിയമ്മ വഴക്ക് പറഞ്ഞപ്പോൾ ചേട്ടന് ദേഷ്യമായിപ്പോയി എന്നൊക്കെ ചിലർ പറയാറുണ്ട്.
അമ്മായിയമ്മയ്ക്ക് സ്വന്തം മകനെ ഉപദേശിക്കാം അതിനുള്ള അവകാശവും അധികാരവും ദൈവം കൊടുത്തിട്ടുണ്ട്. അത് പറയുമ്പോൾ ആൺകുട്ടികൾ മൂഡോഫായിരിക്കും എന്തെങ്കിലും പറഞ്ഞെന്ന് ഇരിക്കും. അത് വലിയ ഇഷ്യുവാക്കിയത് അമ്മായിയമ്മയാണെന്ന് പറഞ്ഞ് നടക്കുന്ന പെൺപിള്ളാരെ കണ്ടിട്ടുണ്ട്. അവർ അമ്മായിയമ്മയാകുമ്പോൾ പഠിച്ചോളും. അത്രേയയുള്ളു അതിനുള്ള ഉത്തരം', മല്ലിക സുകുമാരൻ പറഞ്ഞു.