'സഖാവ് പിണറായി വിജയൻ ചെയ്ത നല്ല കാര്യങ്ങൾ ഞാൻ എണ്ണിയെണ്ണി പറയും'; മല്ലിക സുകുമാരൻ
സൈന സൗത്ത് പ്ലസിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത നല്ല കാര്യങ്ങൾ താൻ എണ്ണി എണ്ണി പറയുമെന്ന് നടി മല്ലിക സുകുമാരൻ. ഏത് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും നല്ലത് ചെയ്താൽ നല്ലത് എന്ന് പറയണമെന്നും മല്ലിക ചൂണ്ടിക്കാട്ടി. സൈന സൗത്ത് പ്ലസിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
'സഖാവ് പിണറായി വിജയൻ ചെയ്ത നല്ല കാര്യങ്ങൾ എന്തെല്ലാമെന്ന് ചോദിച്ചാൽ ഞാൻ എണ്ണിയെണ്ണി പറയും. ഒരു രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് ഇരുന്ന് ഭരിക്കുമ്പോൾ ഒരുപാട് പരിമിതികളുണ്ടാകും. അത് നമ്മൾ ആദ്യം മനസിലാക്കണം. ഉടനെ വീട്ടിൽ ഇരിക്കുന്നവരെ പറയും.
ആരുടെയെങ്കിലും വീട്ടിലിരിക്കുന്നത് അടിച്ചോണ്ട് പോയതു കൊണ്ടാണോ എന്നേയും എന്റെ മോനേയും ട്രോളുന്നത്? അല്ലല്ലോ. അതുപോലെ തന്നെയാണ് അവരേയും. കുറച്ചൊക്കെ വേണ്ടപ്പെട്ടവർക്ക് കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടാകും. അതിപ്പോൾ മറ്റുള്ളവർ വന്നാലും ചെയ്യും. അഴിമതി ആരോപണങ്ങൾ എല്ലാവരും കേൾക്കാറില്ലേ. ഇന്ദിരാഗാന്ധിയെക്കുറിച്ചും കേട്ടിട്ടില്ലേ. ഇത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
ഈയ്യടുത്താണിത് സിനിമയിൽ കൊണ്ടു വന്നത്. അതിന് പിന്നിൽ സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നവരും രാഷ്ട്രീയത്തിൽ നിന്നും സിനിമയിലേക്ക് വന്നവരുമാകാം. അത് ശരിയല്ല. നല്ലത് ചെയ്ത നേതാവിനെ നല്ലത് ചെയ്തുവെന്ന് തന്നെ പറയണം. കോൺഗ്രിസിലായാലും കമ്യൂണിസ്റ്റ് പാർട്ടിയിലായാലും പ്രായഭേദമന്യേ മിടുക്കരായവരെ മിടുക്കരാണെന്ന് അംഗീകരിക്കാനുള്ള മനസ് വേണം ആദ്യം.
തെറ്റ് ചെയ്താൽ ശിക്ഷിക്കുകയും വേണം. ആ ശിക്ഷ അവനവന്റെ തറവാട്ടിൽ ഒതുങ്ങണം. നാട്ടുകാരുടെ മുന്നിൽ കൊണ്ടു നിർത്തി ചെട്ടി കൊട്ടിയിട്ടാകരുത്. അയ്യടാ ഇതാണോ നിങ്ങളുടെ പാർട്ടി എന്ന് ചോദിപ്പിക്കാൻ അവസരമുണ്ടാക്കരുത്'' എന്നും മല്ലിക കൂട്ടിച്ചേർക്കുന്നു.