'പ്രേമലു'വിലൂടെ തമിഴ്‌നാട്ടിലും പ്രിയങ്കരി; വിജയ്‌ക്കൊപ്പം 'ദളപതി 69' ല്‍ മമിതയും
ചിത്രത്തിലെ പ്രധാന താരങ്ങളെ ഔദ്യോഗികമായി പ്രൊഡക്ഷന്‍ ഹൗസ് കഴിഞ്ഞ ദിവസങ്ങളില്‍ പരിചയപ്പെടുത്തിയിരുന്നു
Publish Date: Thu, 03 Oct 2024 (11:17 IST)
Updated Date: Thu, 03 Oct 2024 (11:27 IST)
ദളപതി വിജയ് തന്റെ സിനിമ കരിയര്‍ അവസാനിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അതുകൊണ്ട് തന്നെ 'ദളപതി 69' ന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം.
ചിത്രത്തിലെ പ്രധാന താരങ്ങളെ ഔദ്യോഗികമായി പ്രൊഡക്ഷന്‍ ഹൗസ് കഴിഞ്ഞ ദിവസങ്ങളില്‍ പരിചയപ്പെടുത്തിയിരുന്നു. ബോബി ഡിയോളും പൂജാ ഹെഡ്‌ഗെയും ചിത്രത്തിലുണ്ട്. ബോബി ഡിയോള്‍ വില്ലനാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൂജ വിജയ്യുടെ നായികയായിട്ടാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ, പുതിയ റിപ്പോര്‍ട്ട് പ്രകാരം മലയാളി സാന്നിധ്യം ചിത്രത്തിലുണ്ട്. മമിതാ ബൈജുവാണ് ദളപതി 69ന്റെ ഭാഗമാകുന്നത്.
പ്രേമലുവിലൂടെ മലയാളത്തിനു പുറത്തും ഏറെ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് മമിത. വിജയ് ചിത്രത്തില്‍ അവസരം ലഭിക്കാനുള്ള കാരണവും അതുതന്നെ. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ദളപതി 69 നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സ്ഥിരം ഫോര്‍മാറ്റില്‍ നിന്നും ഇത്തവണയെങ്കിലും വിജയ് മാറ്റി പിടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.