Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

സിനിമയില്‍ ശക്തി കേന്ദ്രങ്ങളില്ല; പവര്‍ ഗ്രൂപ്പിനെ തള്ളി മമ്മൂട്ടിയും

ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു

Mammootty about Hema Committee Report

രേണുക വേണു

, ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (15:15 IST)
മോഹന്‍ലാലിനു പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പവര്‍ ഗ്രൂപ്പ് പരാമര്‍ശത്തെ തള്ളി മമ്മൂട്ടിയും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളും പരിഹാരങ്ങളും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവ് ഇല്ലാതെ കൈ കോര്‍ത്തുനില്‍ക്കേണ്ട സമയമാണ് ഇതെന്നും മമ്മൂട്ടി പറഞ്ഞു. 
 
മമ്മൂട്ടിയുടെ വാക്കുകള്‍ 
 
മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. 
 
സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തു നില്‍ക്കേണ്ട സമയമാണിത്. 
 
ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിപൊളി കല്യാണ സോങ്ങുമായി 'ബാഡ് ബോയ്‌സ്' ടീം, വീഡിയോ ഇന്നെത്തും