ആരോപണങ്ങള്‍ വ്യാജം, എന്നെ തകര്‍ത്തു; പ്രതികരിച്ച് നടന്‍ ജയസൂര്യ
'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ട...പാപികളുടെ നേരെ മാത്രം' എന്ന വരികളോടെയാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്
Publish Date: Sun, 01 Sep 2024 (07:37 IST)
Updated Date: Sun, 01 Sep 2024 (07:54 IST)
തനിക്കെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. വ്യാജ പീഡനാരോപണങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തെന്നും കുടുംബാംഗങ്ങളെ വലിയ വേദനയിലാഴ്ത്തിയെന്നും ജയസൂര്യ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ കുറിപ്പ് തുടങ്ങുന്നത്.
വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയില്‍ ആണെന്നും നാട്ടില്‍ തിരിച്ചെത്തിയാല്‍ നിരപരാധിത്വം തെളിയിക്കാന്‍ നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ പറഞ്ഞു.
നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും ജയസൂര്യ പറഞ്ഞു.
'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ട...പാപികളുടെ നേരെ മാത്രം' എന്ന വരികളോടെയാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. രണ്ട് നടിമാരാണ് ജയസൂര്യക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.