Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ ഹൃദയത്തിലെ ബന്ധുവാണ് മറഞ്ഞത്; എം പി വീരേന്ദ്രകുമാറിനെ അനുസ്‌മരിച്ച് മമ്മൂട്ടി

എന്റെ ഹൃദയത്തിലെ ബന്ധുവാണ് മറഞ്ഞത്; എം പി വീരേന്ദ്രകുമാറിനെ അനുസ്‌മരിച്ച് മമ്മൂട്ടി

കെ ആര്‍ അനൂപ്

, വെള്ളി, 29 മെയ് 2020 (10:05 IST)
എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികളെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ എഴുതി. ഞങ്ങൾക്കിടയിലെ പ്രായവ്യത്യാസം എനിക്കറിയില്ല, പക്ഷേ ഞങ്ങൾ എപ്പോഴും സമപ്രായക്കാരായിരുന്നു. സംസാരിക്കുന്ന വിഷയത്തിലും സാമ്യതകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം തൻറെ വലിയ സുഹൃത്ത് കൂടിയായിരുന്നു  മമ്മൂട്ടി പറയുന്നു.
 
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
 
വീരേന്ദ്രകുമാർ എന്ന പല ശിഖരങ്ങളും പല തലങ്ങളുമുള്ള ബഹുമുഖ പ്രതിഭ ഇനി നമ്മോടൊപ്പമില്ല. മലയാളിക്കും ഇന്ത്യൻ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാൾ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ല. പരിചയപ്പെട്ട ആദ്യനാൾ മുതൽ വല്ലാത്ത ആത്‌മബന്ധമായിരുന്നു ഞങ്ങളുടേത്. ഓരോ വേദികളിൽ, ഓരോ സന്ദർഭങ്ങളിൽ, വീട്ടിലുമെല്ലാം ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അദ്ദേഹത്തിന് എന്റെ പ്രായമായിരുന്നോ എനിക്ക് അദ്ദേഹത്തിന്റെ പ്രായമായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷേ എപ്പോഴും ഞങ്ങൾ സമപ്രായക്കാരെപ്പോലെയായിരുന്നു. സംസാരിക്കുന്ന വിഷയത്തിൽ സാമ്യതകളുണ്ടായിരുന്നു. 
 
രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകൾ അർപ്പിച്ച അദ്ദേഹം എന്നോട്  വലിയ സൗഹൃദമാണ് കാട്ടിയത്. ഒരു സിനിമാ നടൻ എന്നതിൽ കവിഞ്ഞൊരു വാൽസല്യമുണ്ടായിരുന്നു, സ്നേഹവുമുണ്ടായിരുന്നു. ഒരു ബന്ധുത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് എന്നെ ഏറ്റവുമധികം ഇപ്പോൾ വേദനിപ്പിക്കുന്നത്. ഏറ്റവും അടുത്ത ഒരു ബന്ധുവായിട്ടാണ് അദ്ദേഹത്തെ എപ്പോഴും ഉള്ളിൽ തോന്നിയത്. നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും അറിയുകയും എല്ലാം അറിയാൻ ആഗ്രഹിക്കുകയും ചെയ്ത ഒരാൾ. അങ്ങനെയുള്ളവരെയാണല്ലോ നമ്മൾ ഹൃദയം കൊണ്ട് ബന്ധുവെന്ന് വിളിക്കുന്നത്. എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു, അല്ലെങ്കിൽ ഒരു ജ്യേഷ്ഠനോ അമ്മാവനോ പിതൃതുല്യനോ ഗുരുതുല്യനോ ആയ ഒരാൾ. 
 
ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സിനിമ സീരിയൽ കലാകാരന്മാർക്ക് 45 ലക്ഷം രൂപയുടെ സഹായവുമായി അക്ഷയ് കുമാർ