കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എല്ലാ തൊഴിൽ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നടന്‍ മണിക്കുട്ടന്‍ മോഹന്‍ലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിച്ച് ശ്രദ്ധ നേടുകയാണ്. സിനിമ മേഖലയില്‍ നിന്ന് ആരും തന്റെ വിവരം ഇക്കാലയളവില്‍ അന്വേഷിച്ചില്ലെന്നും എന്നാല്‍ മോഹന്‍ലാല്‍ വിളിച്ചെന്നുമാണ് മണിക്കുട്ടന്‍ കുറിപ്പില്‍ പറയുന്നത്.
മണിക്കുട്ടന്റെ കുറിപ്പ്:
നന്ദി ലാലേട്ടാ ആ കരുതലിനും സ്‌നേഹത്തിനും!
ലോക്ക് ഡൌണ്‍ കാലഘട്ടത്തില്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകള്‍ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎല്‍ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകള്‍ക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തില്‍ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനില്‍ക്കുന്ന സാഹചര്യം എനിക്കൂഹിക്കാന്‍ കഴിയും.
ഒരു struggling artist (struggling star അല്ല) എന്ന നിലയില്‍ ഞാന്‍ സിനിമയില്‍ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളില്‍ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാന്‍ മെസ്സേജ് അയക്കുമ്പോള്‍ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷെ അവരില്‍ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം . ഈ വിഷമ ഘട്ടത്തില്‍ ആ പ്രാര്‍ത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടന്‍ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ കൂടിയായ ഈസ്റ്റര്‍ ദിനമായിരുന്ന ഇന്ന് വന്ന ആ കാളിലേ ശബ്ദത്തിലെ സ്‌നേഹം ആ കരുതല്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്‍കുന്ന ഒന്നാണ്. എനിക്കാശ്വസിക്കാന്‍ ഇതില്‍പരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയില്‍. നമ്മളതിജീവിക്കും…