മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് മണയിൻപിള്ള രാജു. നടനായി മാത്രമല്ല അദ്ദേഹം കയ്യടി നേടിയിട്ടുള്ളത്. നിർമാതാവ് എന്ന നിലയിലും മലയാള സിനിമയിൽ ഒരിടം കണ്ടെത്താൻ മണിയൻപിള്ള രാജുവിന് സാധിച്ചിട്ടുണ്ട്. തന്റെ സെറ്റിലുള്ളവരോട് അദ്ദേഹം പെരുമാറി രീതി ഇന്നും ചർച്ചയാകാറുണ്ട്.
മണിയൻപിള്ള രാജു നിർമാണത്തിലേക്ക് കടക്കുന്നത് സൗഹൃദത്തിലൂടെയാണ്. ഒരിക്കൽ സുഹൃത്തുക്കൾ ചേർന്നൊരുക്കിയൊരു സിനിമ. അതിലൂടെയാണ് അദ്ദേഹം നിർമാണത്തെക്കുറിച്ച് പഠിക്കുന്നത്. അതേക്കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർക്കുന്നുണ്ട്.
''സിനിമയിലെത്തിയപ്പോൾ പ്രിയദർശനടക്കമുള്ളവരുമായി നല്ല സൗഹൃദത്തിലായി. പ്രിയൻ, ശ്രീനിവാസന്, ശങ്കർ അങ്ങനെ ഒത്തിരിപ്പേർ. ഒരിക്കൽ നമുക്ക് എല്ലാവർക്കും കൂടി ഒരു സിനിമയെടുക്കാമെന്ന സംസാരം വന്നു. എല്ലാവരും കൂടെ 25000 രൂപവെച്ച് ഇട്ടു. ഹലോ മൈ ഡിയർ റോങ് നമ്പർ ആയിരുന്നു ആ സിനിമ. സിനിമ ചെയ്യാൻ രണ്ട ലക്ഷം രൂപയായി. അവിടെ നിന്നും ഒരു സിനിമ എങ്ങനെയടുക്കാമെന്നും പ്രൊഡക്ഷനെപ്പറ്റിയും പഠിച്ചു. ഇതുവരെ 13 സിനിമകൾ നിർമിച്ചു. അടുത്തത് മോഹൻലാലിനെ വച്ചൊരു സിനിമയാണ്. അതിന്റെ ചർച്ചകൾ നടക്കുന്നു'' എന്നാണ് മണിയൻപിള്ള രാജു പറയുന്നത്.
ശ്രീനിവാസൻ എഴുതി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹലോ മൈ ഡിയർ റോങ് നമ്പർ. മോഹൻലാൽ നായകനായ ചിത്രത്തിൽ ലിസി, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, മേനക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. നിർമാണത്തിൽ വിജയം കൈവരിച്ച മണിയൻപിള്ള രാജുവിന് പക്ഷെ സംവിധാനത്തിൽ മോഹമില്ല.
''സംവിധാനം ചെയ്യാൻ നല്ല ക്ഷമ വേണം. ഞാൻ വെപ്രാളം കൂടുതലുള്ള ആളാണ്. നടൻ സോമേട്ടൻ പറയും ഇവന്റെ കാലിനടിയിൽ വീൽ വച്ചിട്ടുണ്ടോ എന്ന്. ഞാൻ ആകെ അടങ്ങിയിരിക്കുക സിനിമ കാണുമ്പോൾ മാത്രമാണ്'' എന്നാണ് സംവിധാനത്തെക്കുറിച്ച് മണിയൻപിള്ള രാജു പറയുന്നത്.