Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ജനതയുടെ ഉപജീവനമാര്‍ഗങ്ങളും ഭക്ഷണസ്വാതന്ത്ര്യവും തകര്‍ക്കുന്ന തീരുമാനങ്ങള്‍; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെ നടി മറീന മൈക്കിള്‍

ഒരു ജനതയുടെ ഉപജീവനമാര്‍ഗങ്ങളും ഭക്ഷണസ്വാതന്ത്ര്യവും തകര്‍ക്കുന്ന തീരുമാനങ്ങള്‍; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെ നടി മറീന മൈക്കിള്‍
, വ്യാഴം, 27 മെയ് 2021 (09:12 IST)
ലക്ഷദ്വീപില്‍ നിന്നുള്ള സുഹൃത്തായ ആയിഷ സുല്‍ത്താനയ്‌ക്കൊപ്പം നടി മറീന മൈക്കിള്‍

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി നടിയും മോഡലുമായ മറീന മൈക്കിള്‍ കുരിശിങ്കല്‍. പല പ്രതിസന്ധിഘട്ടങ്ങളിലും തനിക്ക് തണലായി നിന്ന സുഹൃത്ത് ആയിഷ സുല്‍ത്താനയിലൂടെയാണ് ലക്ഷദ്വീപിനെ കുറിച്ചും അവിടുത്തെ ജനങ്ങളെ പറ്റിയും താന്‍ കേട്ടിട്ടുള്ളതെന്ന് മറീന പറയുന്നു. കോവിഡിന്റെ മുന്‍പില്‍ തകര്‍ന്നും തളര്‍ന്നും നിന്ന ലക്ഷദ്വീപ് ജനതയുടെ ഉപജീവനമാര്‍ഗങ്ങളും ഭക്ഷണസ്വാതന്ത്ര്യവും തകര്‍ക്കുന്ന തീരുമാനങ്ങളാണ് അഡ്മിനിസ്‌ട്രേഷന്‍ എടുത്തുകൊണ്ടിരിക്കുന്നതെന്ന് മറീന പറയുന്നു. 
 
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ആയിഷ സുല്‍ത്താന, വളരെ വര്‍ഷങ്ങളായി അറിയാവുന്ന, പല പ്രതിസന്ധിഘട്ടങ്ങളിലും എനിക്ക് തണലായി നിന്ന എന്റെ പ്രിയ കൂട്ടുകാരികളില്‍ ഒരാള്‍. സിനിമയുടെയും ആഡ് ഷൂട്ടിംഗിന്റെയും ഭാഗമായി ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. അവളിലൂടെ ലക്ഷദ്വീപിനെയും അവിടുത്തെ ജനങ്ങളേയും പറ്റി ഒരുപാട് കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. ഓരോ കൂടിക്കാഴ്ചകളിലും ഏറ്റവും അധികം അവള്‍ സംസാരിക്കുക അവളുടെ നാടിനെപറ്റിയാണ്, ലക്ഷദ്വീപിനെ പറ്റിയാണ്. മുന്‍പും നാടിന് പ്രതിസന്ധികള്‍ വന്നപ്പോഴൊക്കെ, പ്രതിഷേധങ്ങളുമായി ആയിഷ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവളും അവളുടെ ഏറ്റവും പ്രിയപ്പെട്ട നാടും പോരാട്ടത്തിലാണ്. 
 
സ്വസ്ഥവും സമാധാനവുമായി ജീവിച്ചിരുന്ന ദ്വീപ് നിവാസികള്‍ ഇപ്പോള്‍ തങ്ങളുടെ നിലനില്‍പ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടുകയാണ്. ഈ അടുത്ത കാലത്ത്, പുതിയ ഭരണകൂടം നടപ്പിലാക്കിയ പലതും മനുഷ്വത്വത്തിനും ജനാധിപത്യത്തിനും യാതൊരു മൂല്യവും കല്‍പ്പിക്കാത്തവയാണ്. 2020 അവസാനം വരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളില്‍ ഒന്ന് ലക്ഷദ്വീപ് ആയിരുന്നു. എന്നാല്‍ പുതിയ ഭരണകൂടം നടപ്പിലാക്കിയ ഭരണപരിഷ്‌കാരം, അത്രയും നാള്‍ ഉണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തുന്നവ ആയിരുന്നു. ഇപ്പൊള്‍ അവിടുത്തെ പോസിറ്റീവിറ്റി റേറ്റ് 60 ശതമാനമായി. അത്യാവശ്യ ആശുപത്രി സംവിധാനങ്ങള്‍ പോലുമില്ലാത്ത ദ്വീപുകാര്‍ വിദഗ്ധ ചികിത്സക്ക് കേരളത്തെയാണ് ഏറെയും ആശ്രയിക്കാറുള്ളത്.
 
ലക്ഷദ്വീപ് നിവാസികളുടെ ജീവിതനിലവാരമോ അവര്‍ക്കു വേണ്ട ചികിത്സാ സൗകര്യങ്ങളോ മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ, അവരുടെ പരമ്പരാഗതമായ ജീവിത ശൈലിയേയും അവരുടെ തനതായ സംസ്‌കാരത്തെയും ഗൗനിക്കാതെയുള്ള ഒട്ടനവധി തീരുമാനങ്ങളാണ് ഭരണകൂടം തുടര്‍ന്നും എടുത്തത്. കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത, ജയില്‍ അടഞ്ഞു കിടക്കുന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കി. മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റി. ടൂറിസം വകുപ്പ്, സര്‍ക്കാര്‍ ഓഫീസ് എന്നിവയില്‍ നിന്ന് തദ്ദേശീയരായ ജീവനക്കാരെ ഒഴിവാക്കി. അങ്കണവാടികള്‍ അടക്കുകയും സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാസാഹാരം ഒഴിവാക്കി. ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം ഒഴിവാക്കി, ചരക്ക് നീക്കവും മറ്റും മംഗലാപുരം വഴിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുപോലെയുള്ള ഒട്ടനവധി നടപടികളിലൂടെ അവിടുത്തെ ജനജീവിതം ദുസഹമാക്കി.

കോവിഡിന്റെ മുന്‍പില്‍ തകര്‍ന്നും തളര്‍ന്നും നിന്ന ആ ജനതയുടെ  ഉപജീവനമാര്‍ഗങ്ങളും ഭക്ഷണസ്വാതന്ത്ര്യവും തകര്‍ക്കുന്ന തീരുമാനങ്ങളാണ് അഡ്മിനിസ്‌ട്രേഷന്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഈ തീരുമാനങ്ങള്‍ അവരുടെ പരമ്പരാഗതമായ ജീവിതത്തെ തകര്‍ക്കുന്നത് തടയാന്‍ നാം അനുവദിക്കരുത്.  ഈ പോരാട്ടത്തിന് മാധ്യമശ്രദ്ധ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും പിന്തുണയും അവര്‍ക്ക് നല്‍കേണ്ടതുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ച് ചിരഞ്ജീവി ? ഇനി അജിത്തിന്റെ 'വേതാളം' റീമേക്കിലേക്ക് താരം