Mammootty Is back: ഇച്ചാക്ക തിരിച്ചെത്തി, സ്നേഹമുത്തം, മമ്മൂട്ടിയുടെ ആരോഗ്യവാർത്തയിൽ സന്തോഷം പങ്കുവെച്ച് മോഹൻലാൽ
ആശങ്കകളെല്ലാം അവസാനിച്ചെന്ന വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടിയുമായി ഏറെ അടുത്ത വൃത്തങ്ങള്‍.
മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി യാതൊരു വിധ പൊതുപരിപാടികളിലും സിനിമകളിലും മമ്മൂട്ടി ഭാഗമായിരുന്നില്ല. ഇപ്പോഴിതാ ഈ ആശങ്കകളെല്ലാം അവസാനിച്ചെന്ന വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടിയുമായി ഏറെ അടുത്ത വൃത്തങ്ങള്‍.
രാവിലെ നിര്‍മാതാക്കളായ ആന്റോ ജോസഫും ജോര്‍ജുമാണ് മമ്മൂട്ടിയുടെ രോഗാവസ്ഥ മാറിയെന്ന വിവരം ആരാധകരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ സിനിമാലോകം ഒന്നടങ്കം വാര്‍ത്തയെ ഏറ്റെടുത്തു. സിനിമാലോകത്തെ ഉറ്റസുഹൃത്തായ മോഹന്‍ലാല്‍ ഒരു വാക്കും പറയാതെ മമ്മൂക്കയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ഇന്ന് രാവിലെയോടെയാണ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നതും താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തത്. ഇതോടെ ചെന്നൈയില്‍ ചികിത്സയിലായിരുന്ന താരം ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. അടുത്ത മാസത്തോടെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ താരം ജോയിന്‍ ചെയ്യുമെന്നാണ് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.