മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു; മേജർ മഹാദേവൻ ചാർജെടുക്കുമോ?
പതിവ് മേജർ രവി സിനിമകളെ പോലെ ഒരു പട്ടാളചിത്രമാകും ഇതെന്നാണ് സൂചന
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് മലയാളികൾക്ക് ഇഷ്ടമാണ്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകളിൽ ഈ കോമ്പോ ഒന്നിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പുതിയ സിനിമയുമായി മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.
പതിവ് മേജർ രവി സിനിമകളെ പോലെ ഒരു പട്ടാളചിത്രമാകും ഇതെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമയിൽ മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ആയിരിക്കും സിനിമ ഒരുങ്ങുക എന്നും റിപ്പോർട്ടുണ്ട്.
പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി കാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. അനിമൽ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ് സിനിമയുടെ മ്യൂസിക് ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
പഹൽഗാമിലെ ബൈസരൺ വാലിയിൽ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികൾക്കുനേരെ പൈൻ മരങ്ങൾക്കിടയിൽ നിന്നും ഇറങ്ങിവന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നാലെ രാജ്യത്തെ പെൺമക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് ഇന്ത്യ നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ.