'പ്രളയവും നിപയും അതിജീവിച്ചവരാണ് നമ്മൾ, കൊറോണയും നമ്മൾ അതിജീവിക്കും'-മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഭിറാം മനോഹർ

വ്യാഴം, 30 ജനുവരി 2020 (19:14 IST)
കൊറോണ വൈറസിനെ നമ്മൾ അതിജീവിക്കുമെന്ന് മോഹൻലാൽ. മോഹൻലാലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കേരളത്തിലെ മെഡിക്കൽ വിദ്യാർഥികളുടെ ശൃംഘലയായ നിര്‍ണയം എന്ന ഗ്രൂപ്പിന്റെ ജാഗ്രതാനിർദേശം പങ്ക് വെച്ചിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മോഹൻലാൽ ഇക്കാര്യം കുറിച്ചത്.
 
കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ. കൊറോണയും നമ്മൾ അതിജീവിക്കും. എന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്.
 
നേരത്തെ കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള വാർത്തകൾ വന്നിരുന്നു. വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരണമുണ്ടായത് ഈ പശ്ചാത്തലത്തിലാണ് ജനങ്ങളോട് ആശങ്ക വേണ്ട എന്നറിയിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
 
ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നും രോഗബാധയേറ്റ് കേരളത്തിലെത്തിയ പെൺകുട്ടി ഇപ്പോൾ തൃശൂരിലെ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിൽ ഇതാദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രിയ ചങ്ങാതിയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് മോഹൻലാൽ !