സിനിമാ ലോകത്തിന് നൽകിയ സംഭാവനകൾക്ക് നടൻ മോഹൻലാലിന് രാജ്യം ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നൽകി ആദരിച്ചു. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്കാരം ഏറ്റുവാങ്ങുന്ന മോഹൻലാലിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഹൻലാൽ നടത്തിയ പ്രസംഗവും കയ്യടി നേടുന്നുണ്ട്. എന്നാൽ പ്രസംഗത്തിൽ മോഹൻലാൽ നടത്തിയൊരു പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. തന്റെ പ്രസംഗത്തിനിടെ മോഹൻലാൽ കവി കുമാരാശന്റെ വരികൾ പരാമർശിക്കുകയുണ്ടായി.
ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലാലേട്ടൻ പരാമർശിച്ച വരികൾ കുമാരാനാശാന്റേത് അല്ലെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
'ഇത് എനിക്കൊരു സ്വപ്ന സാക്ഷാത്കാരമല്ല. മാന്ത്രികമായ ഒരു നിമിഷമാണ്. ഈ പുരസ്‌കാരം എന്റെ ഉത്തരവാദിത്തം കൂട്ടുന്നു. മലയാള സിനിമയിലെ മഹാരഥന്മാർക്കും സിനിമാലോകത്തിനും ഈ പുരസ്‌കാരം സമർപ്പിക്കുന്നു. കുമരനാശാന്റെ വീണപൂവിലെ 'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്' എന്ന വരികൾ ഇവിടെ പറയാനാഗ്രഹിക്കുന്നു. കൂടുതൽ ഉത്തരവാദത്തോടെ, അഭിനിവേശത്തോടെ ഞാൻ സിനിമാപ്രവർത്തനം തുടരും. ഇന്ത്യൻ സർക്കാറിനോടും ജൂറിയോടും നന്ദി അറിയിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ' എന്നായിരുന്നു മോഹൻലാലിന്റെ പ്രസംഗത്തിലെ പരാമർശം.
എന്നാൽ താരം കുമാരാനാശന്റേത് എന്ന് പറഞ്ഞ് ഉദ്ധരിച്ച വരികൾ അദ്ദേഹത്തിന്റേതല്ലെന്ന് സോഷ്യൽ മീഡിയ പറയുന്നു. 'ഫാൽക്കെ അവാർഡ് സ്വീകരിച്ചു കൊണ്ട് മോഹൻലാൽ നടത്തിയ പ്രസംഗം മനോഹരമായിരുന്നു.പക്ഷേ ഒരു സംശയം .അറിവുള്ളർ കൃത്യമാക്കണം . അദ്ദേഹം ഉദ്ധരിച്ച ''ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്'' എന്ന വരികൾ കുമാരനാശാന്റെ വീണപൂവിലേതോ?' എന്നാണ് സുജൻ സൂസൻ ജോർജ് സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് മറുപടിയുമായെത്തിയത്. വരികൾ കുമാരനാശാന്റേത് അല്ലെന്ന് സോഷ്യൽ മീഡിയ പറയുന്നു. വീണപൂവിൽ ഇങ്ങനൊരു വരിയില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുമ്പോൾ മറ്റ് ചിലർ പി ഭാസ്‌കരന്റെ ഓർക്കുക വല്ലപ്പോഴും എന്ന കവിതയിലേതാകാമെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്.